ഇന്ത്യയിൽ കോവിഡ് കേസുകൾ 77 ലക്ഷം കടന്നു


ന്യൂഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ 55,838 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 77,06,946 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 68,74,518 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 79,415 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവിൽ 7,15,812 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായ കോവിഡ് രോഗികളുടെ പ്രതിദിനകണക്കിൽ കുറവ് വരുന്നത് രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്. അതുപോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതും മരണനിരക്കില്‍ കുറവ് എന്നതും ആശ്വാസകരം തന്നെയാണ്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 702 മരണങ്ങൾ ഉൾപ്പെടെ 1,16,616 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കോവിഡ് പരിശോധനകളും രാജ്യത്ത് വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. 24 മണിക്കൂറിനിടെ 14,69,984 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ പത്തുകോടിയോളം കോവിഡ് പരിശോധനകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് പ്രതിദിന കണക്കിൽ കുറവ് വരുന്നുണ്ടെങ്കിലും ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉത്സവ സീണൺ-ശീതകാലം തുടങ്ങിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് കോവിഡ് കേസുകളിൽ വർദ്ധനയുണ്ടാകുമെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് മുന്നറിയിപ്പ് നൽകിയത്.

സുരക്ഷ-പ്രതിരോധ കാര്യങ്ങളിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാകരുതെന്നും നിലവിലെ നിയന്ത്രണങ്ങളും കരുതലും തുടരണമെന്നും അറിയിക്കുന്നുണ്ട്.

You might also like

Most Viewed