കോവിഡിനെതിരെയുള്ള ഇന്ത്യൻ‌ വാക്സിൻ; മൂന്നാംഘട്ട മനുഷ്യപരീക്ഷണത്തിലേക്ക്


ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടെത്താനുള്ള പരിശ്രമങ്ങളിൽ ഇന്ത്യയുടെ നിർണായക ചുവടുവയ്പ്പ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാംഘട്ട മനുഷ്യപരീക്ഷണത്തിലേക്ക്. മനുഷ്യരിൽ മൂന്നാംഘട്ട പരീക്ഷണം നടത്താൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ അനുമതി തേടി ഈ മാസം രണ്ടിന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഡിസിജിഐക്ക് അപേക്ഷ നൽകിയിരുന്നു.

10 സംസ്ഥാനങ്ങളിലായി ഡൽഹി, മുംബൈ, പാറ്റ്ന, ലക്നോ അടക്കം 19 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതിന്‍റെ പഠനറിപ്പോർട്ട് ഉൾപ്പെടെയാണു ഭാരത് ബയോടെക് അപേക്ഷ നൽകിയത്. 18 വയസും അതിനും മുകളിലും പ്രായമുള്ള 28,500 പേരിലാണ് പഠനം നടത്തിയതെന്ന് കമ്പനി പറയുന്നു. കോവാക്സീൻ കൂടാതെ സൈഡസ് കാഡിലയുടെ തദ്ദേശീയ വാക്സീനും രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ്. അസ്ട്രാസെനകയുമായി ചേർന്നു പൂനആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കുന്ന ഓക്സ്ഫഡ് സാധ്യതാ വാക്സീനും രണ്ടുംമൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കോവിഡിനെതിരെ ശക്തമായ പ്രതിരോധ ശേഷി വളർത്തിയെടുക്കാൻ വാക്സിൻ സഹായിച്ചതായി കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോർട്ടിൽ ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നു.

You might also like

Most Viewed