മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി


ശ്രീനഗർ: ജമ്മുകാഷ്മീര്‍ മുന്‍മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രാഹക്കുറ്റം ചുമത്തണമെന്ന് കാഷ്മീര്‍ ബിജെപി ഘടകം. കാഷ്മീരിന്‍റെ ദേശീയ പതാക പുനഃസ്ഥാപിച്ചാല്‍ പിന്നെ ഒരിക്കലും ത്രിവര്‍ണപതാക ഉയര്‍ത്തില്ലെന്ന മെഹ്ബൂബയുടെ പരാമര്‍ശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. ജമ്മുകാഷ്മീരില്‍ ഒരു ശക്തിക്കും സംസ്ഥാനത്തിന്‍റെ പതാക ഉയര്‍ത്താനോ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനോ സാധിക്കില്ലെന്ന് ബിജെപി പറഞ്ഞു. മെഹ്ബൂബയുടെ പരാമര്‍ശത്തിനെതിരെ അവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത് അവരെ തടവിലാക്കണമെന്ന് ജമ്മുകാഷ്മീര്‍ ബിജെപി പ്രസിഡന്‍റ് രവീന്ദര്‍ റൈന, ഗവര്‍ണര്‍ മനോജ് സിന്‍ഹയോട് ആവശ്യപ്പെട്ടു.

കാഷ്മീരി നേതാക്കള്‍ക്ക് ഇന്ത്യ സുരക്ഷിതമല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ പാകിസ്ഥാനിലേക്ക് പോകണമെന്നും മെഹ്ബൂബ രാഷ്ട്രിയ നീക്കങ്ങളുമായി മുന്നോട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും രവീന്ദര്‍ റൈന ഭീഷണിപ്പെടുത്തി. ഒരു വര്‍ഷത്തിലേറെ വീട്ടുതടങ്കിൽ പാർ‌പ്പിച്ച മെഹ്ബൂബ മുഫ്തിയെ അടുത്തിടെയാണ് വിട്ടയച്ചത്. ജമ്മുകാഷ്മീരിന്‍റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മെഹ്ബൂബ അടക്കമുള്ള നേതാക്കളെ കേന്ദ്രസർക്കാർ തടങ്കലിലാക്കിയത്. കാഷ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ഓഗസ്റ്റ് അഞ്ച് മുതല്‍ മെഹ്ബൂബ തടവിലായിരുന്നു.

You might also like

Most Viewed