ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 44,059 പേർക്ക്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 44,059 പേർക്ക്. 511 പേർക്ക് ഒറ്റ ദിവസം രോഗം മൂലം ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്തെ ആകെ മരണം 1,33,738 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 91,39,866 ആണ്. രാജ്യത്തെ ആകെ ആക്ടീവ് കേസുകൾ 4,43,486 ആണ്. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 85.62 ആണ്. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 41,024 പേരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുളള രാജ്യം ഇന്ത്യയാണ്. രാജ്യത്തെ മിക്ക നഗരങ്ങളിലും കൊവിഡ് വർദ്ധന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുമൂലം വിവിധ നഗരങ്ങളിൽ കർഫ്യൂ ഉൾപ്പടെ ഏർപ്പെടുത്തേണ്ടിയും വന്നു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.68 ശതമാനമാണ്.
കൊവിഡ് വാക്സിൻ തയ്യാറായാലുടൻ വിതരണത്തിനായുളള നടപടികൾ കേന്ദ്രസർക്കാർ അതിവേഗം പൂർത്തിയാക്കുകയാണ്. അഞ്ചോളം വാക്സിനുകൾ വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. 6746 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 121 പേർ മരണമടയുകയും ചെയ്തു ഇവിടെ. മഹാരാഷ്ട്രയിൽ 5753 പുതിയ കേസുകളും കേരളത്തിൽ 5254 കേസുകളും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 1704 പേർക്കും തമിഴ്നാട്ടിൽ 1655 പേർക്കും ഗുജറാത്തിൽ 1495 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.