മഹാത്മാഗാന്ധിയുടെ മകന്റെ പേരക്കുട്ടി കൊവിഡ് ബാധിച്ച് മരിച്ചു


ജോഹന്നാസ്ബർഗ്: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ മകൻ മണിലാൽ ഗാന്ധിയുടെ പൗത്രൻ സതീഷ് ധുപേലിയ കൊവിഡ് മൂലമുള‌ള വിവിധ രോഗങ്ങളെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ മരണമടഞ്ഞു. 66 വയസായിരുന്നു. സതീഷിന്റെ സഹോദരി ഉമ ധുപേലിയ മേസ്‌ത്രിയാണ് വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. ന്യുമോണിയയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കൊവിഡ് ബാധിതനായ സതീഷിന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി ഇതെ തുടർന്നാണ് ഞായറാഴ്‌ച വൈകിട്ടോടെ മരണമടഞ്ഞത്.

ഉമയെ കൂടാതെ സതീഷിന് കീർത്തി മേനോൻ എന്ന സഹോദരിയുമുണ്ട്. ഇവർ മൂവരും ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് താമസം. മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയപ്പോഴും മകൻ മണിലാൽ ഗാന്ധി കുടുംബത്തോടൊപ്പം ദക്ഷിണാഫ്രിക്കയിലായിരുന്നു. മണിലാലിന്റെ പൗത്രനാണ് സതീഷ്. പണ്ട് ദക്ഷിണാഫ്രിക്കയിലെ താമസകാലത്ത് മഹാത്മാഗാന്ധി ആരംഭിച്ച ഗാന്ധി ഡവലപ്‌മെന്റ് ട്രസ്‌‌റ്റിന്റെ സജീവ പ്രവർത്തകനായിരുന്നു സതീഷ്. രാജ്യത്തെ പ്രശസ്‌ത ഛായാഗ്രാഹകനായിരുന്നു. സഹോദരി കീർത്തി മോനോനും രാജ്യത്ത് ഗാന്ധിജിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളോട് ചേർന്ന് പ്രവർത്തിച്ച് വരികയാണ്.

പീഡനങ്ങൾ നേരിട്ട വനിതകൾക്കുള‌ള സഹായകേന്ദ്രത്തിന്റെ സജീവ പ്രവർത്തകനും ആശ്രയം വേണ്ടവർക്ക് ഏതുവിധേനയും സഹായം നൽകുന്നയാളുമായിരുന്നു സതീഷ് എന്ന് ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യ പ്രവർത്തകനായ ലുബ്‌ന നാദ്‌വി അഭിപ്രായപ്പെട്ടു. 1860 പൈതൃക ഫെഡറേഷൻ സംഘടനയിലും അംഗമായിരുന്ന സതീഷ് വിവിധ സാമൂഹ്യക്ഷേമ സംഘടനകളിലെ സജീവ അംഗമായിരുന്നു.

You might also like

Most Viewed