കാർഷിക നിയമ ഭേദഗതി സുപ്രീം കോടതി സ്‌റ്റേ ചെയ്തു; വിദഗ്ദ്ധ സമിതി രൂപീകരിച്ചു


 

ന്യൂഡൽഹി: കാർഷിക നിയമ ഭേദഗതി സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. നിയമം താൽക്കാലികമായി റദ്ദാക്കാനുള്ള അധികാരം സുപ്രീം കോടതിയ്ക്ക് ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി. വിദഗ്ദ്ധ സമിതിയാണ് പോംവഴിയെന്ന് കോടതി നിർദേശിച്ചു.
നാലംഗ വിദഗ്ദ്ധ സമിതി രൂപീകരിച്ചു. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സമിതി സർക്കാരുമായും കർഷകരുമായും ചർച്ച നടത്തണമെന്നും കോടതി നിർദേശിച്ചു. പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സമിതിയ്ക്ക് മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമിതി രൂപീകരിക്കുന്നതിൽ കേന്ദ്ര സർക്കരിന് എതിർപ്പില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം വിദഗ്ദ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ കോടതിയെ അറിയിച്ചു. പ്രശ്നം പരിഹരിക്കാതെ, അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നായിരുന്നു കോടതിയുടെ പ്രതികരണം. കൂടാതെ കർഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തണമെന്ന് നിർദേശിക്കാനാകില്ലെന്ന് കോടതി അറിയിച്ചു.

You might also like

Most Viewed