സമുദ്ര സുരക്ഷയ്ക്ക് ഇന്ത്യ- ഒമാൻ ധാരണ


മസ്കറ്റ് : സമുദ്രസുരക്ഷയ്ക്കും പ്രതിരോധഉപകരണങ്ങൾ സംയുക്തമായി നിർമിക്കാ­നുമുള്ള തന്ത്രപ്രധാന സഹകരണത്തിനും ഇന്ത്യയും ഒമാനും ധാരണയായി. പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കി സംയുക്ത സൈനിക അഭ്യാസങ്ങൾ നടത്തും. ഇരുരാ­ജ്യങ്ങളിലെയും കര, വ്യോമ, നാവിക സേ­നകൾ തമ്മിൽ വിവിധ മേഖലകളിൽ കൂടു­തൽ സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഒമാൻ പ്രതിരോധമന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ഹാരിബ് അൽ ബുസൈ­ദിയും ഇന്ത്യൻ പ്രതി­രോധമന്ത്രി നിർമലാ സീതാരാമനും നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം കൂടുതൽ ശക്തമാക്കാനുള്ള കർമപരി­പാടികൾക്കു രൂ­പം നൽകിയിരിക്കുന്നത്. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളിലെയുംപ്രതിരോധ മേഖലയിലെ ഉന്നതർ പങ്കെടു­ത്തു.

പ്രാദേശിക, മേഖലാ തലങ്ങളിലെ വി­വിധ വെല്ലുവിളികളും ചർച്ചാവിഷയമായി. ഭീകരതയ്ക്കെതിരെ ഒരുമിച്ചു പോരാടാനും പ്രതിരോധ സാമഗ്രികൾ സംയുക്തമായി നി­ർമിക്കാനും ഫെ­ബ്രുവരിയിൽ പ്രധാനമന്ത്രി നരേ­ന്ദ്രമോ­ദിയുടെ ഒമാൻ സന്ദർശനവേ­ളയിൽ ധാരണയിലെത്തിയിരുന്നു. കള്ളപ്പണവും മനു­ഷ്യക്കടത്തും തടയാനുള്ള നടപടികൾ ഊർജി­തമാക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒമാൻ പ്രതിരോ­ധമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ത്യ സന്ദർശിച്ചത്. വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് പ്രണാമമേകി ഇന്ത്യാ ഗേറ്റിനു മുന്നിലെ അമർജവാൻ സ്മൃ­തി മണ്ധപത്തിൽ സയ്യിദ് അൽ ബുസൈ­ദി പു­ഷ്പചക്രം അർപ്പിച്ചു. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ സംയു­ക്തമായി പ്രതിരോധ ഉപകരണങ്ങൾ നിർമിക്കാനും ഇന്ത്യയിൽ നിന്നു പ്രതിരോധ സാമഗ്രികൾ വാങ്ങാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഈ മേഖലയിലെ അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തും. ഒമാനിലെ നാഷനൽ ഡി­ഫൻസ് കോളജും ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനലൈ­സും തമ്മിൽ ധാരണാ­പത്രം ഒപ്പുവച്ചിട്ടുണ്ട്.

2005 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക സഹകരണത്തിനു ധാരണയുണ്ട്. 2016ൽ കരാർ പുതുക്കി. സമുദ്രസുരക്ഷയ്ക്കാ­യും യോജിച്ചു പ്രവർത്തിക്കുന്നു. കര, വ്യോമ, നാവിക സേനാംഗങ്ങൾക്കു പരിശീലനം, പ്രദർശനമേളകൾ തുടങ്ങിയവയും സംഘടിപ്പിക്കു­ന്നുണ്ട്. സംയുക്ത സൈനിക സഹകരണ സമിതി ഇടയ്ക്കിടെ എല്ലാവർഷവും യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തുന്നു. കൂടാതെ കള്ളപ്പണം, ലഹരിമരുന്ന്, നോ­ട്ട് കള്ളക്കടത്ത്, മനുഷ്യക്കടത്ത്, നിയമം ലംഘിച്ചുള്ള കുടി­യേ­റ്റം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെയും യോജിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കുന്നുണ്ട്.

സൈബർ മേഖലയിലെ കുറ്റകൃത്യങ്ങളും രാ­ജ്യസുരക്ഷയ്ക്കു വലിയ വെല്ലുവിളിയാണ്. ദേശവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാ­നും തന്ത്രപ്രധാന മേഖലകളെക്കുറിച്ചുള്ള വി­വരങ്ങൾ ചോർത്താനും സൈബർ ശൃംഖല ദുരു­പയോഗപ്പെടുത്തുന്നു. ഇതിനെതിരെ സംയുക്തമായി നടപടികൾ സ്വീകരിക്കും. വികസനത്തിനു വഴിയൊ­രുക്കുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ, സ്മാർട് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, ക്ലീൻ ഇന്ത്യ പദ്ധതികളിലും ഒമാൻ പങ്കാളിയാണ്. കൂടാതെ അറബ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃ­ദരാജ്യങ്ങളി­ലൊന്നായ ഒമാനിലെ ദുഖം തുറമുഖം സൈനി­കാവശ്യത്തിനും ഉപയോഗിക്കാൻ ഇന്ത്യക്ക് അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യൻ പടക്കപ്പലു­കൾക്ക് ഇവിടെ വരാനും അറ്റകുറ്റപ്പണി നടത്താനും കഴിയും. മേഖലയിലെ സമുദ്രസു­രക്ഷ ഉറപ്പാക്കാൻ ഇത് ഇന്ത്യക്കു കൂടുതൽ സഹായകമാകും.

മധ്യപൂർവദേശത്ത് ഇന്ത്യയുമായി തന്ത്ര പ്രധാന സൈനിക സഹകരണത്തിന് ആദ്യമാ­യി മുന്നോട്ടുവന്ന രാജ്യമാണ് ഒമാൻ. രാജ്യസു­രക്ഷ ഉറപ്പാക്കാനും കടൽ­ക്കൊ­ള്ളക്കാരുടെ ഭീഷണി ചെറുക്കാനും ഒരുമിച്ചു നിൽക്കാനും കര, വ്യോമ, നാവിക വിഭാഗങ്ങൾക്കു സംയു­ക്ത പരിശീലനം നൽകാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

You might also like

Most Viewed