ദാർ‍സൈത്ത് ഇന്ത്യൻ സ്‌കൂളിൽ‍ ഇന്റർ‍ സ്‌കൂൾ‍ ഫൊട്ടോഗ്രഫി മത്സരം


മസ്‌കത്ത് : ദാർ‍സൈത്ത് ഇന്ത്യൻ‍ സ്‌കൂളിൽ‍ നികോൺ ഇന്റർ‍ സ്‌കൂൾ‍ ഫൊട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യൻ സ്‌കൂൾ‍ ബോർ‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് കീഴിലാണ് മത്സരം സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച മത്സരങ്ങൾ‍ അരങ്ങേറുമെന്ന് സ്‌കൂൾ‍ അധികൃതർ‍ വാർ‍ത്താ സമ്മേളനത്തിൽ‍ അറിയിച്ചു. രാജ്യത്തെ മുഴുവൻ ഇന്ത്യൻ സ്‌കൂളുകളിൽ‍ നിന്നുമുള്ള നാല് മുതൽ‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർഥികൾ‍ക്കാണ് മത്സരത്തിൽ‍ പങ്കെടുക്കാൻ അവസരമുള്ളത്.

‘ജീവിതത്തിന്റെ നിറങ്ങൾ’ എന്ന പ്രമേയത്തിലാണ് ഈ വർ‍ഷം മത്സരങ്ങൾ. പ്രഥമ ഘട്ട മത്സരത്തിൽ‍ ഇതിനോടകം 460 ഫോട്ടോ എൻ‍ട്രികൾ‍ ലഭിച്ചു. ഇതിൽ‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 250 ഫൊട്ടോകൾ‍ സ്‌കൂൾ‍ ഓഡിറ്റോറിയത്തിൽ‍ പ്രദർ‍ശിപ്പിക്കും. 40 ഫൊട്ടോകൾ‍ക്ക് അന്തിമ ഘട്ട മത്സരത്തിന് അവസരം ലഭിക്കുമെന്ന് പ്രിൻ‍സിപ്പൽ‍ ശ്രീദേവി പി. താഷ്‌നാഥ് പറഞ്ഞു.

വിജയികളാകുന്ന മൂന്ന് വിദ്യാർഥികൾ‍ക്ക് നികോൺ ക്യാമറ സമ്മാനമായി ലഭിക്കും. പത്ത് പേർ‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും സമ്മാനിക്കും. മൂന്ന് പേർ‍ അടങ്ങുന്ന ജഡ്ജിംഗ് പാനൽ‍ വിധി നിർ‍ണയിക്കും. നികോൺ പ്രതിനിധിയുടെ നേതൃത്വത്തിൽ‍ ഫൊട്ടോഗ്രഫി വർ‍ക്ക്‌ഷോപ്പ് നടക്കും.

You might also like

Most Viewed