ഒ​മാ​നി​ൽ മെ​ഡി​ക്ക​ൽ ഫീ​സ്​​ 30 റി​യാ​ലാ​യി വ​ർ​ദ്ധി​പ്പി​ച്ചു


മസ്കത്ത്: വിദേശികൾക്ക് റെസിഡന്റ് കാർഡ് ലഭിക്കാൻ ആവശ്യമായ മെഡിക്കൽ പരിശോധന റിപ്പോർട്ടിന് ഒമാൻ ആരോഗ്യ മന്ത്രാലയം ഫീസ് വർദ്ധിപ്പിച്ചു. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മെഡിക്കൽ പരിശോധന റിപ്പോർട്ടിന് 10 റിയാലിൽ നിന്ന് 30 റിയാലായാണ് ഫീസ് വർധന. പൊതുമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇതേ സേവനത്തിനുള്ള ഫീസ് 10 റിയാലായും നിശ്ചയിച്ചു. 

2019 ഫെബ്രുവരി ഒന്നു മുതലാണ് ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവ് പ്രാബല്യത്തിലാവുക. മെഡിക്കൽ, മെഡിക്കൽ അസിസ്റ്റന്റ് വിഭാഗങ്ങളിൽ ഒമാനികളല്ലാത്തവരുടെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന് ഇനി 20 റിയാൽ ഫീസ് നൽകണം. ഫാർമസ്യൂട്ടിക്കൽ വിഭാഗം ഒഴിച്ചുള്ള അസിസ്റ്റന്റ് മെഡിക്കൽ തസ്തികകളിലെ ലൈസൻസിന് വിദേശികൾ 100 റിയാൽ നൽകണം. ഒമാനികളുടെ മെഡിക്കൽ പരിശോധന റിപ്പോർട്ടിെൻറ ഫീസ് 20 റിയാലായും നിശ്ചയിച്ചു. 

കുത്തിവെപ്പ്, ഒൗഷധ ഇറക്കുമതി പെർമിറ്റ്, സ്വകാര്യ ആശുപത്രി, ക്ലിനിക്, ഫാർമസി എന്നിവ സ്ഥാപിക്കൽ എന്നിവക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന സേവനങ്ങൾക്കുള്ള ഫീസും ഒൗദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ചതോടെ ഒമാനിൽ ജോലിക്ക് വരുന്നവരുടെ ചെലവ് വീണ്ടും വർദ്ധിച്ചു. 

You might also like

Most Viewed