ഒമാനിൽ സ്വദേശിവത്കരണം: കന്പനികൾക്ക് പോയിന്റ് സംവിധാനം വരുന്നു


സ്വദേശിവത്കരണം ലക്ഷ്യത്തിലെത്തിക്കുന്നതിന് ഒമാനിൽ ശൂറ കൗൺസിൽ പുതിയ പോയിന്റ് സംവിധാനം മുന്നോട്ട് വെച്ചു. യോഗ്യതയുള്ള ഒമാനികളെ ഉയർന്ന തസ്തികകളിൽ നിയമിക്കുന്ന കന്പനികൾക്ക് കൂടുതൽ പോയിന്റ് ലഭിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ കന്പനികളെ മൂന്ന് ശ്രേണിയായി തരംതിരിക്കും. ഉന്നത തസ്തികകളിൽ ഒമാനികളെ നിയമിക്കുന്ന കന്പനികള്‍ക്ക് മൂന്ന് പോയന്റും മധ്യ നിലവാര തസ്തികകളിൽ നിയമിക്കുന്നവക്ക് രണ്ട് പോയന്റും താഴ്ന്ന ജോലികളിൽ നിയമിക്കുന്നവക്ക് ഒരു പോയന്റും ലഭിക്കുന്നതാണ് പദ്ധതിയുടെ രൂപം.

ഉയർന്ന തസ്തികകളിലെ സ്വകാര്യവത്കരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഗുണാത്മകമായി സ്വദേശിവത്കരണം നടപ്പാക്കുകയാണ് ശൂറാ കൗൺസിലിന്റെ ലക്ഷ്യം. ഇതിന് വേണ്ടി കന്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ നിർദേശം മുന്നോട്ട് വെച്ചതെന്ന് ശൂറ കൗൺസിലിലെ മാനവ വിഭവശേഷി മേധാവി മുഹമ്മദ് അൽ ബുസൈദി പറഞ്ഞു.

ഒമാൻ പൗരന്മാരുടെ എണ്ണത്തെ അപേക്ഷിച്ച് പോയിന്റ് അടിസ്ഥാനമാക്കുന്ന സംവിധാനമാണ് ശൂറ കൗൺസിൽ സമർപ്പിച്ചത്. ഉന്നത തസ്തികകളിലെ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം ഉടൻ പരിശീലനം ആരംഭിക്കും. സ്വദേശി ക്വാട്ടകളിൽ പൂർണമായി നിയമനം നടത്തിയാൽ കന്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള അനുമതി അറിയിക്കുന്ന പുതിയ ഓൺലൈൻ സംവിധാനം മാനവ വിഭവശേഷി മന്ത്രാലയം അവതരിപ്പിച്ചു. സ്വദേശിവത്കരണ നിരക്ക് പൂർത്തീകരിക്കാത്ത കന്പനികളിൽ വിദേശികൾക്കുള്ള ഒരു വിസയും അനുവദിക്കേണ്ടെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം.

You might also like

Most Viewed