ഹമദ്‌ തു­റമു­ഖം രാ­ജ്യത്തി­ന്റെ­ വളർ­ച്ച വേ­ഗത്തി­ലാ­ക്കും : ഖത്തർ ചേംബർ


ദോഹ : ഹമദ്‌ തുറമുഖം തുറന്ന സാഹചര്യത്തിൽ ഖത്തറിലെ വ്യാപാരമേഖലയിൽ വരുംവർഷങ്ങളിൽ വൻ കുതിപ്പുണ്ടാകുമെന്ന്‌ ഖത്തർ ചേംബർ ഡയറക്ടർ ജനറൽ സലേഹ്‌ ഹമദ്‌ അൽ ഷർഖി വ്യക്തമാക്കി. ഇതര ലോകരാജ്യങ്ങളുമായി ഹമദ്‌ തുറമുഖം ഖത്തറിനെ ബന്ധപ്പെടുത്തുമെന്നും തുറമുഖത്ത്‌ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ളതിനാൽ മധ്യപൗരസ്‌ത്യ മേഖലയിലെ വാണിജ്യകേന്ദ്രമായി ദോഹ മാറുമെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖത്തിന്റെ പ്രവർത്തനം കഴിഞ്ഞ ഡിസംബറിൽ ഭാഗികമായി ആരംഭിച്ചതാണ്‌. അതിനുശേഷം മധ്യപൗരസ്‌ത്യ മേഖലയിലെ ആകെ ഇടപാടിന്റെ 27% ഈ തുറമുഖം വഴിയാണ്‌ നടന്നത്‌. വരുംകാലത്ത്‌ ഇതു പലമടങ്ങ്‌ വർദ്ധിക്കും. ഒമാൻ‍, കുവൈത്ത്‌, തുർക്കി, ഇന്ത്യ, പാക്കിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന്‌ ഇവിടേക്ക് കപ്പലുകൾക്ക്‌ നേരിട്ടെത്താം. അതിനാൽ ഗാർഹികോൽപന്നങ്ങൾ ഖത്തറിലേക്ക്‌ എളുപ്പമെത്തിക്കാം. ഖത്തറിലെ വ്യാപാരികൾക്ക്‌ ഇടപാടുകൾ വർദ്ധിപ്പിക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്‌. ഇറക്കുമതിയും കയറ്റുമതിയും ഒരുപോലെ വർദ്ധിപ്പിക്കാം. വിവിധതരം കപ്പലുകൾക്ക് നങ്കൂരമിടാൻ തുറമുഖത്ത്‌ സൗകര്യമുണ്ട്‌. മദർഷിപ്പുകൾ എത്തുന്ന തുറമുഖമായതിനാൽ വൻതോതിൽ ചരക്കുകൾ കൈകാര്യം ചെയ്യാമെന്ന്‌ വാർത്താക്കുറിപ്പിൽ അൽ ഷർഖി ചൂണ്ടിക്കാട്ടി. 

ഖത്തറിലെ വ്യാപാരികൾക്കും വ്യവസായികൾക്കും ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ തുറമുഖ നടത്തിപ്പിന്റെ ചുമതലയുള്ള മവാനി ഖത്തറുമായി തങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed