ഗതാ­ഗത ലംഘനങ്ങൾ­ക്കു­ള്ള പി­ഴ വർ­ദ്ധി­പ്പി­ച്ചു­വെ­ന്ന വ്യാ­ജവാ­ർ­ത്ത: വകു­പ്പ് മു­ന്നറി­യി­പ്പ് നൽ‍­കി­


ദോഹ : രാജ്യത്ത് ഗതാഗത ലംഘനങ്ങളുടെ പുതുക്കിയ പിഴ തുകയെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന ഖത്തർ ഗതാഗതവകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ സന്ദേശങ്ങളിൽ ആശങ്കാകുലരാകരുതെന്നും അധികൃതർ ഓർമിപ്പിച്ചു. ഗതാഗത ലംഘനങ്ങൾക്കുള്ള പിഴ വർദ്ധിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ പിഴ തുകകളുടെ Αവിശദാംശങ്ങൾ സഹിതം വ്യാജചിത്രം പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ചുവപ്പ് സിഗ്നൽ മറികടക്കുന്നതിന് പതിനായിരം റിയാൽ വരെ പിഴയും ഒരു മാസം ജയിൽശിക്ഷയും എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് വ്യാജചിത്രത്തിലുള്ളത്. മറ്റൊന്നിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോ പതിച്ച ശേഷമാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. വ്യക്തതയില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ മന്ത്രാലയം പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവരങ്ങൾ പങ്കുവെക്കുന്നതിന് മുന്പായി പത്രമാധ്യമങ്ങളിലൂടെയോ അല്ലെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നോ സത്യാവസ്ഥ ഉറപ്പാക്കണമെന്നും മന്ത്രാലയം ട്വീറ്ററിൽ വ്യക്തമാക്കി.

ഏതാനും മാസങ്ങൾക്ക് മുന്പ് ഉപരോധം സംബന്ധിച്ച് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. അജ്ഞാതമായ കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് മറ്റുള്ളവരെ ഹാനികരമായി ബാധിക്കുമെന്നതിൽ അത്തരം പ്രചാരണം നടത്തുന്നത് ശിക്ഷാർഹമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി വെബ്സൈറ്റുകളും സാമൂഹിക മാധ്യമങ്ങളുമെല്ലാം യഥാർത്ഥ വസ്തുത അന്വേഷിക്കാതെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന പ്രവണത വർദ്ധിച്ച് വരികയാണ്.

You might also like

Most Viewed