നടപ്പാ­തകൾ‍­ക്കാ­യി­ പു­തി­യ മാ­സ്റ്റർ‍­പ്ലാൻ ഖത്തർ പ്രധാ­നമന്ത്രി­ ഉദ്ഘാ­ടനം ചെ­യ്തു­


ദോഹ : രാജ്യത്തെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ പദ്ധതിയായ ഖത്തർ പെഡസ്ട്രിയൻ ക്രോസിംഗ് മാസ്റ്റർ പ്ലാൻ (ക്യു.പി.സി.എം.സി.) പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഉദ്ഘാടനം ചെയ്തു.

അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെയും ഖത്തർ ദേശീയ ദർശനരേഖ 2030−ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് പുതിയ മാസ്റ്റർ പ്ലാൻ. പൊതുജനങ്ങളുടെ പരിഗണനയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലുള്ള 50 നടപ്പാതകളാണ് പദ്ധതിയിലുള്ളത്. ഇതിൽ 26 മേൽപ്പാലങ്ങളും അടിപ്പാതകളും 24 നടപ്പാതകളും ഉൾപ്പെടുന്നു. രാജ്യത്തെ എല്ലാ പ്രധാന ഇന്റർസെക്ഷനുകളിലും റോഡിനോട് ചേർന്നുള്ള പ്രധാന സ്ഥലങ്ങളിലുമായാണ് ഇവയുടെ നിർമാണം സാധ്യമാക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിക്കായി വ്യായാമത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി നടത്തത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്്.

സ്റ്റാൻഡേഡ്, കൺവെൻഷണൽ, ആധുനികം എന്നീ മൂന്ന് പ്രമേയത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ദോഹ ഗ്രാൻഡ് പാർക്ക്, ആസ്പയർ സോൺ എന്നിവിടങ്ങളിലെല്ലാം കാൽനടയാത്രക്കാർക്കുള്ള അപൂർവ ഡിസൈനുകളിലുള്ള പാലമാണ് നിർമിക്കാൻ ഒരുങ്ങുന്നത്. ഇവ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ പ്രധാന ലാൻഡ്മാർക്കായി മാറും.

പദ്ധതി ഉദ്ഘാടനത്തിനുശേഷം പദ്ധതി സംബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ പ്രദർശനവും പ്രധാനമന്ത്രി സന്ദർശിച്ചു. കാൽ നടപ്പാതകളുടെയും പാലങ്ങളുടെയും ഡിസൈനുകൾ അധികൃതർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. എല്ലാ മേഖലകളിലുമായുള്ള ഏകീകൃതവും ഫലപ്രദവുമായ ഗതാഗത സംവിധാനമാണ് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിലെ പ്രധാനഘടകമെന്ന് ഗതാഗത, വാർത്താവിനിമയമന്ത്രി ജാസ്സിം സെയ്‌ഫ് അഹമ്മദ് അൽ സുലൈത്തി പറഞ്ഞു. ഖത്തർ ദേശീയ ഗതാഗത സുരക്ഷാ നയത്തിന്റെ കർമപദ്ധതിയിലെ പ്രധാനഭാഗമാണ് കാൽനടയാത്രക്കാർക്കുള്ള മാസ്റ്റർ പ്ലാനെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രാലയം ലാൻഡ് ഗതാഗത അസി. അണ്ടർ സെക്രട്ടറി റാഷിദ് താലിബ് അൽ നാബത്, പൊതുമരാമത്ത് വകുപ്പ് പ്രസിഡണ്ട് സാദ് ബിൻ അഹമ്മദ് അൽ മുഹന്നദി, ഗതാഗത ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് സാദ് അൽ ഖർജി, ആഭ്യന്തരമന്ത്രാലയം, ഗതാഗതമന്ത്രാലയം ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

You might also like

Most Viewed