പരമാ­ധി­കാ­രം അടി­യറവ് വെ­ച്ചു­ള്ള സംവാ­ദത്തി­നി­ല്ലെ­ന്ന് ഖത്തർ വി­ദേ­ശകാ­ര്യമന്ത്രി­


ദോഹ : രാജ്യത്തിന്റെ പരമാധികാരം അടിയറവ് വെച്ചു കൊണ്ട് സൗദി സഖ്യങ്ങളുമായി സംവാദത്തിന് ഇല്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശ കാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുൽ‍റഹ്മാൻ അൽ‍താനി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ശൂറാ കൗൺസിലിന് മുന്പാകെ രാജ്യത്തിന്റെ വിദേശനയത്തെക്കുറിച്ച് വിവരിക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. ഗൾ‍ഫ് സഹകരണ കൗൺ‍സിൽ‍ (ജി.സി.സി.) ഉടന്പടിയിലെ എല്ലാ വകുപ്പുകളും സൗദി സഖ്യം ലംഘിച്ചു കഴിഞ്ഞുവെന്നും ജി.സി.സി തർ‍ക്കം പരിഹരിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ആവർ‍ത്തിച്ച് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

ലോകരാജ്യങ്ങളുമായി സൗഹൃദപരമായ ബന്ധം സൃഷ്ടിച്ചുകൊണ്ടും രാജ്യങ്ങളുടെ താത്പര്യങ്ങൾ‍ സംരക്ഷിച്ചുകൊണ്ടും അന്താരാഷ്ട്ര നിയമങ്ങൾ‍ പാലിച്ചുകൊണ്ടും അന്താരാഷ്ട്ര സമാധാനവും സുരക്ഷയ്ക്കുമായി പ്രയത്‌നിച്ചുകൊണ്ടും ബഹുമുഖമായ ചട്ടക്കൂടുകളിൽ‍നിന്ന് സഹകരണം ശക്തിപ്പെടുത്തിയുമാണ് രാജ്യത്തിന്റെ വിദേശ നയമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി വിശദീകരിച്ചു. കെട്ടിച്ചമക്കപ്പെട്ട പ്രതിസന്ധിക്ക് സാധുതയുള്ള കാരണങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപരമായും സാംസ്‌കാരികമായും വിവേകപൂർ‍വം അമീർ‍ ശൈഖ് തമീം ബിൻ ഹമദ് അൽ‍താനിയുടെ ഭരണനേതൃത്വത്തിന് കീഴിൽ‍ രാജ്യം സൗദിസഖ്യത്തിന്റെ ഉപരോധത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിയിൽ‍ കുവൈത്ത് അമീർ‍ ശൈഖ് സബാഹ് അൽ‍ അഹമ്മദ് അൽ‍ ജാബർ‍ അൽ‍ സബാഹ് നടത്തുന്ന മധ്യസ്ഥശ്രമങ്ങളേയും അദ്ദേഹം പ്രശംസിച്ചു. ജി.സി.സി അംഗത്വം ഉപേക്ഷിക്കാൻ രാജ്യത്തിന് താത്പര്യമില്ല. ജി.സി.സിയിൽ‍ നിന്ന് വേറിട്ട് മറ്റൊരു കൗൺസിൽ‍ രൂപവത്കരിക്കാനാണ് സൗദിസഖ്യത്തിന് താത്പര്യമെങ്കിൽ‍ അവർ‍ അവരുടെ വഴിക്ക് നീങ്ങട്ടെയെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഏഷ്യൻ‍ രാജ്യങ്ങളുടെ സഹകരണത്തോടെ ഖത്തർ‍ ശക്തമാണ്. താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രാജ്യങ്ങളുമായി ഖത്തർ‍ സൗഹൃദബന്ധം സൂക്ഷിക്കുന്നതെന്നും സൗദിസഖ്യങ്ങളെ പോലെ ഭീഷണിപ്പെടുത്തിയിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിച്ചുകൊണ്ടും വ്യക്തവും സുതാര്യവുമായ തത്വങ്ങളുടെ അടിസ്ഥാനത്തിലും സംവാദത്തിന് ഖത്തർ‍ തയ്യാറാണെന്നും അദ്ദേഹം ആവർ‍ത്തിച്ചു. പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് ഗുണപരമായ നീക്കങ്ങൾ‍ സൗദിസഖ്യത്തിന്റെ ഭാഗത്തു നിന്നില്ലെന്നും അതിന് പകരമായി രാജ്യത്തെ ഒറ്റപ്പെടുത്താനുള്ള പുതിയ കരുനീക്കങ്ങൾ‍ക്കായാണ് അവർ‍ തയ്യാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വേദി ഏത് തന്നെയായാലും ആസന്നമാകുന്ന അറബ് ഉച്ചകോടിയിൽ‍ ഖത്തർ‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ യഥാർ‍ത്ഥ ചിത്രവും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദീകരിക്കുന്നത് രാജ്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Most Viewed