1000 നഴ്‌സുമാരെ നിയമിക്കുന്നു


ദോഹ : ഹമദ്‌ മെഡിക്കൽ കോർപറേഷൻ(എച്ച്‌എംസി) 1,000 നഴ്‌സുമാരെ നിയമിക്കുന്നു. ഈ വർഷംതന്നെ നിയമന നടപടി പുതിയ നഴ്‌സുമാർ ജോലിയിൽ പ്രവേശിക്കും. നഴ്‌സ്‌, മിഡ്‌വെഫ്‌ സേവനം കൂടുതൽ ശക്‌തമാക്കാനും നിലവിലുള്ള സ്വദേശി നഴ്‌സുമാരെ ഉയർന്ന തസ്‌തികകളിലേക്ക്‌ ഉയർത്തുമ്പോൾ വരുന്ന ഒഴിവുകൾ നികത്താനുമായാണ്‌ പുതിയ നിയമനം. മലയാളി നഴ്‌സുമാർക്ക്‌ ഖത്തറിൽ കൂടുതൽ തൊഴിലവസരം ലഭിക്കാൻ പുതിയ റിക്രൂട്‌മെന്റ്‌ സഹായകമാകും. മികച്ച നഴ്‌സിങ്‌ കോളേജുകളിൽ നിന്ന്‌ അടുത്തിടെ പാസായവർക്കാണ്‌ മുൻഗണന.

ഉയർന്ന യോഗ്യതയും കഴിവുമുള്ള നഴ്‌സുമാരെയാണ്‌ എച്ച്‌എംസി നിയമിക്കുകയെന്ന്‌ ചീഫ്‌ നഴ്‌സിങ്‌ ഓഫിസർ ഡോ. നിക്കോള റൈലി പറഞ്ഞു. നഴ്‌സിങ്ങിൽ ബിരുദമുള്ളവർക്കു മാത്രമാണ്‌(ബിഎസ്‌സി നഴ്‌സിങ്‌) നിയമനം. എച്ച്‌എംസിയിൽ ഇപ്പോൾ 11,000 നഴ്‌സുമാരുണ്ട്‌. പുതിയ നിയമനം കൂടി കഴിയുന്നതോടെ ഇത്‌ 12,000 ആയി ഉയരും. ഹമദ്‌ ആശുപത്രിക്കുപുറമേ ദീർഘകാലരോഗികൾക്ക്‌ വീടുകളിലും എച്ച്‌എംസി നഴ്‌സിങ്‌ സേവനം ലഭ്യമാക്കുന്നുണ്ടെന്ന്‌ ഡോ. റൈലി പറഞ്ഞു.

നാദിയ അൽ അൻസിയെ എച്ച്‌എംസി പ്രൈവറ്റ്‌ നഴ്‌സിങ്‌ ആൻഡ്‌ ഹോം ഹെൽത്‌ കെയർ സർവീസസ്‌ എക്‌സിക്യുട്ടിവ്‌ ഡയറക്‌ടറായും ഡോ. ഫാത്തിമ അൽ ബൗലാദിയെ ശിശു ഗൃഹപരിചരണ വിഭാഗം അസി.എക്‌സിക്യുട്ടിവ്‌ ഡയറക്‌ടറായും നിയമിച്ചതായും ഇരുവരും കഴിഞ്ഞമാസം ചുമതലയേറ്റതായും ഡോ റൈലി പറഞ്ഞു.

You might also like

Most Viewed