വേതന സുരക്ഷാ പദ്ധതിയുടെ പതിനൊന്നാം ഘട്ടം ആഗസ്റ്റ് ഒന്ന് മുതൽ


റിയാദ് : സൗദിയിൽ  വേതന സുരക്ഷാ പദ്ധതിയുടെ പതിനൊന്നാം ഘട്ടം ആഗസ്റ്റ് ഒന്നു മുതൽ നിലവിൽ വരും. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറുപതിൽകൂടുതൽ  ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് വേതന സുരക്ഷാ പദ്ധതി ബാധകമാകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

മൂവായിരം ജീവനക്കാരിൽ  കൂടുതലുളള സ്വകാര്യ സ്ഥാപനങ്ങളിൽ  നേരത്തെ വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കിയിരുന്നു. രണ്ടു വർഷം മുന്പ് ആരംഭിച്ച പദ്ധതി 2018 ആകുന്നതോടെ മുഴുവൻ സ്ഥാപനങ്ങൾക്കും വേതന സുരക്ഷാ പദ്ധതിയുടെ പരിധിയിൽ  കൊണ്ടുവരുകയാണ് ലക്ഷ്യം.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശന്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് തൊഴിൽ  മന്ത്രാലയം വക്താവ് ഖാലിദ് അബൽ ഖൈൽ പറഞ്ഞു. ശന്പളം ലഭിക്കാത്തതു മൂലം തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് അധികൃതർ കരുതുന്നു.

അടുത്ത മാസം ഒന്നു മുതൽ  നിലവിൽ  വരുന്ന വേതന സുരക്ഷാ പദ്ധതിയിൽ 60 മുതൽ  79 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ബാധകമാണ്. ഇതോടെ 7,000 സ്വകാര്യ സ്ഥാപനങ്ങൾ പദ്ധതിയുടെ പരിധിയിൽ  വരുമെന്നും ഖാലിദ് അബൽ ഖൈൽ വ്യക്ത മാക്കി.

തൊഴിലാളികൾക്ക് യഥാസമയം വേതനം വിതരണം ചെയ്യാത്ത സ്ഥാപനങ്ങൾക്ക് മൂവായിരം റിയാൽ  പിഴ ചുമത്താൻ  വേതന സുരക്ഷാ പദ്ധതിയിൽ  വ്യവസ്ഥയുണ്ട്. ഓരോ സ്ഥാപനത്തിലെയും തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഇരട്ടി തുക പിഴ ചുമത്തുകയും ചെയ്യും. രണ്ട് മാസം ശന്പളം വൈകുന്ന സ്ഥാപനങ്ങൾക്ക് തൊഴിൽ  മന്ത്രാലയത്തിലെ സേവനങ്ങൾ വിലക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed