സൗ­ദി­യിൽ അഴി­മതി­ക്കേ­സു­കൾ­ക്കാ­യി­ പ്രത്യേ­കം വകു­പ്പ് രൂ­പീ­കരി­ക്കാൻ അനു­മതി­


റിയാദ് : അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കീഴിൽ പ്രത്യേക വകുപ്പുകൾ രൂപീകരിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അനുമതി. സൗദി അറ്റോർണി ജനറലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ വകുപ്പുകളെന്ന് രാജ വിജ്ഞാപനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ ശേഷിയും താൽപര്യവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ഏതു രൂപത്തിലുള്ള അഴിമതിയും നിർമാർജനം ചെയ്യുന്നതിന് രാജ വിജ്ഞാപനം സഹായിക്കുമെന്ന് അറ്റോർണി ജനറൽ ശൈഖ് സൗദ് ബിൻ അബ്ദുല്ല അൽമുഅ്ജബ് വ്യക്തമാക്കി.

അഴിമതി പാടെ തുടച്ചു നീക്കുന്നതിന് രാജാവും കിരീടാവകാശിയും മറ്റെന്തിനേക്കാളും തൽപരരാണ്. ദേശീയ സന്പത്തും തൊഴിൽ മേഖലയും സംരക്ഷിക്കുന്നതിന് അഴിമതി വലിയ വെല്ലുവിളിയാണ്. രാജ വിജ്ഞാപനം വരുന്നതിന് മുന്പ്, അഴിമതിക്കേസുകൾ തൊഴിൽ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളിലായിരുന്നു. അഴിമതിക്കാർക്ക് എത്രയും വേഗം കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനും നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നതിനും പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത് വഴി സാധിക്കും. നേരത്തെ പ്രവർത്തിച്ചിരുന്ന ബെഞ്ചുകൾ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വരുത്തിയ വീഴ്ചകൾ സംബന്ധിയായ കേസുകൾ കൈകാര്യം ചെയ്യുമെന്നും അറ്റോർണി ജനറൽ സൂചിപ്പിച്ചു.

കേസ് അന്വേഷിക്കുന്നതിലും വിചാരണ ചെയ്യുന്നതിലും നിലവിൽ പബ്ലിക് പ്രോസിക്യൂഷന്റെ ശേഷി ഏറ്റവും മികച്ചതാണ്. ക്രിമിനൽ കേസുകൾ അന്വേഷിക്കുന്നതിന് അധികാരമുള്ള ഏജൻസിയാണ് പബ്ലിക് പ്രോസിക്യൂഷനെന്നും രാജ്യത്ത് നീതി ഉറപ്പാക്കുന്നതിന് ഈ വകുപ്പിന് നിർണായകമായ പങ്കുണ്ടെന്നും ശൈഖ് സൗദ് അൽ മുഅ്ജബ് വ്യക്തമാക്കി.

You might also like

Most Viewed