സൗദി കാനഡ ബന്ധങ്ങൾ മരവിപ്പിച്ചു


കെയ്‌റോ : കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സിവിൽ സൊസൈറ്റി പ്രവർത്തകരെ മോചിപ്പിക്കാൻ ആവശ്യപ്പെട്ട കാനഡയുടെ നടപടിയെ സൗദി വിദേശകാര്യമന്ത്രി അഡെൽ അൽ ജുബൈർ വിമർശിച്ചു. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടപെടലുകൾ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നില്ല. അതുപോലെ സൗദിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള യാതൊരു ശ്രമവും രാജ്യം സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 
 
സൗദി അറേബ്യയിൽ നടന്നത് "തങ്ങളുടെ അവകാശങ്ങൾ ഉറപ്പു നൽകുന്ന സൗദി നിയമങ്ങൾക്ക് വിധേയമാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. റിയാദ് കാനഡയിലുള്ള അംബാസിഡറെ ഇന്നലെ തിരികെ വിളിക്കുകയും കനേഡിയൻ അംബാസഡർ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. സൗദി സർക്കാർ കാനഡയുമായുള്ള വ്യാപാര ബന്ധങ്ങളും നിരോധിച്ചു. നിലവിലുള്ള 4 ബില്ല്യൻ ഡോളറിന്റെ സൗദി - കനേഡിയൻ പ്രതിവർഷ വ്യാപാരത്തേയും 13 ബില്ല്യൻ ഡോളറിന്റെ പ്രതിരോധ കരാറിനേയും നിരോധനം ബാധിക്കുമോ എന്ന് വ്യക്തമല്ല.
 
കനേഡിയൻ ഗവൺമെന്റിന്റെ അനാവശ്യ ഇടപെടലുകളെ മുസ്ലീം വേൾഡ് ലീഗ് ശക്തമായി വിമർശിച്ചു. രാജ്യങ്ങളുടെ പരമാധികാരം മാനിക്കപ്പെടണമെന്നും അന്താരാഷ്ട്ര കൺവെൻഷനുകളും തത്വങ്ങളും മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ടെന്നും മുസ്ലീം വേൾഡ് ലീഗ് വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു രാജ്യവും ഇടപെടാൻ പാടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. 

You might also like

Most Viewed