തീർത്ഥാടകർക്കും ഗാർഹിക തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു


റിയാദ് : സൗദിയിൽ എത്തുന്ന ഉംറ തീർത്ഥാടകർക്കും ഗാർഹിക തൊ­ഴിലാളികൾക്കും ആരോ­ഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുമെന്ന് കൗ­ൺസിൽ ഓഫ് കോ ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. സൗദിയിലുള്ള 20 ലക്ഷം ഗാർഹിക തൊ­ഴിലാളികൾക്കും ഓരോ വർഷവും രാജ്യത്തെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കും ഇൻഷുറൻസ് പരിരക്ഷ സഹായകമാവുമെന്നാണ് വിലയിരുത്തപ്പെ­ടുന്നത്.കൗൺസിൽ ഓഫ് കോ ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിന്റെ ദ്വൈവാർഷിക പ്രവർത്തന റിപ്പോർട്ടിലാണ് ഗാർഹിക തൊ­ഴി­ലാളികൾക്കും ഉംറ തീർത്ഥാടകർക്കും ഇൻഷു­റൻസ് പോളിസി നിർബന്ധമാക്കുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടുളളത്.

രാജ്യത്ത് ഇപ്പോൾ മുപ്പതു രാജ്യങ്ങളിൽ നിന്നുള്ള ഇരുപതു ലക്ഷം ഗാർഹിക തൊ­ഴിലാളികളാണുള്ളത്. ഇതിൽ 64 ശതമാനം പേർ വനിതകളാണ്. ഇൻഷുറൻസ് കന്പനികളിൽ സ്വദേ­ശിവത്കരണം നടപ്പാക്കു­ന്നതിന് മാനവശേഷി വികസന നിധിയുമായി സഹകരിച്ച് തൊ­ഴിൽ പരിശീലനം പദ്ധതി നടപ്പാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൻഷുറൻസ് പോളിസി ഉടമകൾക്ക് സേവനം നൽകുന്ന ആരോഗ്യ കേ­ന്ദ്രങ്ങളു­ടെ പ്രവർത്തനങ്ങളും നിരീക്ഷിക്കും. ഇതിന് പ്രത്യേ­ക സംവിധാനം ഒരുക്കും. ആരോഗ്യ സേ­വനങ്ങളുടെ നിരക്കുകൾ ഏകീകരിക്കുന്നതിന് മാർഗനിർ­ദേ­ശം പുറപ്പെടുവിക്കും. ആശുപത്രി­കൾ ഇല്ലാത്ത പ്രവിശ്യകളിൽ ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് സ്വകാര്യ നക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയു­ന്നു.

രാജ്യത്ത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. നിലവിൽ 1.1 കോടി ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകളാണ് രാജ്യത്തുള്ളത്. ഇതിൽ 28 ലക്ഷം സ്വദേ­ശികളും ബാക്കിയുള്ളവർ വി­ദേ­ശികളുമാണ്.

You might also like

Most Viewed