സൗദിവൽക്കരണം : ജിദ്ദയിലെ ഷറഫിയയിൽ പല കടകളും അടച്ചു


ജിദ്ദ : പന്ത്രണ്ടു മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ മുഹറം ഒന്നു മുതൽ നാലു മേ­ഖലകളിൽ സ്വദേശിവൽക്കരണം ശക്തമായി നടപ്പാക്കാൻ തുടങ്ങിയതോടെ വിപണിയിൽ മാന്ദ്യം ശക്തമായി. പരിശോധന ഭയന്നും സർക്കാർ നിശ്ചയിച്ച പോലുള്ള സ്വദേശിവൽക്കരണം നടപ്പാക്കാൻ കഴിയാതെയും പല കടകളും അടച്ചിട്ടിരിക്കുകയാണ്. ജിദ്ദയിൽ മലയാളി കേ­ന്ദ്രമായ ഷറഫി­യയിൽ ഇന്നലെ മണിക്കൂറുകളോളം അധിക കടകളും അടഞ്ഞു കിടന്നു. രാവിലെ മുതൽ എല്ലാ കടകളും തുറന്നിരുന്നുവെങ്കിലും പരി­ശോധന നടക്കുന്നുണ്ടെന്ന വാർത്ത പ്രചരി­ച്ചതോടെ കടകൾ ഷട്ടറുകൾ താഴ്ത്തി. മതിയായ രേഖകളും സ്വദേശിവൽക്കരണ നടപടികളും പൂർത്തിയാക്കിയ അപൂർവം ചി­ലത് മാ­ത്രമാണ് തുറന്നു പ്രവർത്തിച്ചത്. വൈ­കുന്നേരത്തോടെ കടകൾ വീണ്ടും തുറന്നെ­ങ്കിലും ആശങ്കയുമായാണ് അധിക പേ­രും കടകളിലിരുന്നത്. സർക്കാർ നിശ്ചയിച്ച പോലെ സ്വദേശി­ വൽക്കരണം നടപ്പാക്കി മു­ന്നോട്ടു പോവുക പ്രയാസമാണെന്നാണ് കച്ചവടക്കാർ പറയു­ന്നത്.

പൊ­തുവെ വിപണി മാന്ദ്യത്തിന്റെ പി­ടിയിലാണ്. ഇത്തരമൊ­രു സാഹചഹ്യത്തിൽ അധിക ബാധ്യതകൾ ഏറ്റെടുത്തു മു­ന്നോട്ടു പോവുക പ്രയാസമാണെന്നതിനാൽ ഇനിയും ഒരു പരീക്ഷണത്തിനു മുതിരാതെ ബിസിനസ് തന്നെ അവസാനിപ്പിക്കാനുള്ള തയാറെടുപ്പി­ലാണ് ഒട്ടുമിക്ക പേ­രും. ഇതിന്റെ ഭാഗമായി ഡിസ്ക്കൗണ്ടോടു കൂടിയുള്ള വിറ്റഴിക്കൽ വി­ൽപന നടക്കുകയാണ്. താൽക്കാലികമായി സ്വദേശികളെ നിയമിച്ച് സാധനങ്ങൾ വിറ്റഴിച്ച് കിട്ടുന്നതുമായി രംഗം വിടാനാണ് പലരും ഉദ്ദേ­ശിക്കുന്നത്. കടകൾ മൊ­ത്തമായി വിൽക്കാൻ സന്നദ്ധമാണെങ്കിലും എടുക്കാൻ ആളില്ലെന്ന് വർഷങ്ങളായി ബിസിനസ് രംഗത്തുള്ളവർ പറയുന്നു. കാർ ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, ഫർണിച്ചർ കടകൾ, പാ­ത്ര കടകൾ എന്നി­വിടങ്ങളിലാണ് മുഹറം ഒന്നു മുതൽ സ്വദേ­ശിവൽക്കരണം കർശനമാക്കിയത്. എല്ലാ സാധനങ്ങളും ഒരേ കടയിൽ തന്നെ വിൽക്കു­ന്നവരാണ് ഇതിൽ ഏറെ പ്രയാസപ്പെടുന്നത്.

വാച്ച്, ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകളുടെ സ്വദേശി­ വൽക്കരണം അടുത്ത ഘട്ടത്തിലാണെങ്കിലും വസ്ത്രങ്ങൾ, പാ­ത്രങ്ങൾ തുടങ്ങിയവയും ഇതോ­ടൊ­പ്പം വിൽക്കുന്നവർക്ക് ഈ സാ­ധനങ്ങൾ ഏതെങ്കിലും രീതിയിൽ ഒഴിവാക്കി­യാൽ മാ­ത്രമേ കുറച്ചു നാളത്തേ­ക്കു കൂടിയെ­ങ്കിലും പിടിച്ചു നിൽക്കാൻ കഴിയൂ. അതിനാൽ ഇത്തരം സാധനങ്ങൾ എങ്ങനെയും കടകളിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണവർ. മറ്റു­ള്ളവർ, പരിശോധകർ എപ്പോഴാണ് എത്തു­ന്നതെന്ന ആശങ്കയുമായി തുറന്നും തുറക്കാ­തെയുമായി മു­ന്നോട്ടു പോവുകയാണ്.

You might also like

Most Viewed