സൗദിയിൽ കടകളിൽ വ്യാപക പരിശോധന


റിയാദ് : സൗദി അറേബ്യയിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്ന റെഡിമെയ്ഡ് കടകളിൽ വ്യാപക പരിശോധന. കഴിഞ്ഞ മാസം സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്ന റെഡിമെയ്ഡ് കടകൾ, കുക്കറി ഷോപ്പുകൾ എന്നിവിടങ്ങളിലാണ് തൊഴിൽമന്ത്രാലയം പരിശോധന നടത്തിയത്. രണ്ടായിരത്തിലധികം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നതെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. 2,111 റെയ്ഡുകളിൽ 207 നിയമലംഘകർക്കെതിരേ നിയമനടപടി സ്വീകരിച്ചു.

449 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പു നോട്ടീസ് നൽകി. 1586 സ്ഥാപനങ്ങൾ സ്വദേശികൾക്ക് നിയമനം നൽകി. നിയമനടപടി സ്വീകരിച്ചവയിൽ 178 എണ്ണം സ്വദേശികൾക്ക് പകരം വിദേശികളെ നിയമിച്ച കുറ്റത്തിനാണ്. കഴിഞ്ഞമാസം 11 മുതലാണ് കാർ ഷോറൂമുകൾ, റെഡിമെയ്ഡ് ഷോപ്പുകൾ, ഫർണിച്ചർ ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽവന്നത്. വാച്ച്, കണ്ണട, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ ഉത്പ്പന്നങ്ങൾ വിൽക്കുന്ന ചില്ലവിൽപ്പനകേന്ദ്രങ്ങളിൽ അടുത്ത മാസം ഒന്പതു മുതൽ സ്വദേശിവത്കരണം നടപ്പിലാക്കും.

മെഡിക്കൽ ഉപകരണങ്ങൾ, സ്പെയർ പാർട്‌സുകൾ, ചോക്ളേറ്റ്, കാർപെറ്റ്, കെട്ടിട നിർമാണസാമഗ്രികൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങളിൽ അടുത്തവർഷം ജനുവരി ഏഴു മുതലും സ്വദേശി വത്കരണം പ്രാബല്യത്തിൽവരും. സ്വദേശിവത്കരണം പ്രാബല്യത്തിൽവന്ന സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്നും സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും തൊഴിൽമന്ത്രാലയം മുന്നറിയിപ്പ് നൽകി.

You might also like

Most Viewed