സൗദിയിൽ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് ലെവി തിരിച്ചുനൽകും


സൗദിയിൽ റീട്ടെയിൽ, കോൺട്രാക്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന 20ൽ താഴെ തൊഴിലാളികളുള്ള ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ വിദേശ തൊഴിലാളികളുടെ ലെവിയായി അടച്ച സംഖ്യയിൽ നിന്ന് 80 ശതമാനം തിരിച്ചുനൽകുമെന്ന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ മേൽനോട്ടത്തിനുള്ള മന്ത്രിതല സമിതി വ്യക്തമാക്കി. ഇതിന്നായി ഏഴ് ബില്യൻ റിയാലാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ ആശ്രിത ലെവി തിരിച്ചു നൽകില്ല.

2016 ജനുവരി ഒന്നിന് ശേഷം നിലവിൽ വന്ന സ്ഥാപനമായിരിക്കുക. പൂർണമായും സ്വദേശിയുടെ കീഴിലായിരിക്കുക, സ്ഥാപനം തൂടങ്ങി മൂന്നു വർഷം പൂർത്തിയാകാതിരിക്കുക, നിതാഖാത്ത് പദ്ധതി പ്രകാരമുള്ള സ്വദേശിവത്കരണം നടപ്പാക്കുക എന്നിവയാണ് ലെവി തിരിച്ചുലഭിക്കുന്നതിനുള്ള നിബന്ധനകൾ.

ലെവിക്ക് പുറമെ സ്ഥാപനം ആരംഭിക്കുന്നതിന് കരാർ ഉണ്ടാക്കുന്നതിനുള്ള ഫീസ്, കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ എടുക്കാനും പുതുക്കാനുമുള്ള ചാർജ്, ചാംബർ ഓഫ് കൊമേഴ്‌സ് അംഗത്വ ഫീസ്, ബലദിയ ലൈസൻസ് ഫീ, സൗദി പോസ്റ്റ് (വാസിൽ) ചാർജ്, ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ ഫീ എന്നിവയും ഇതോടൊപ്പം തിരിച്ചുനൽകും. 2021വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക. 

അതേസമയം വിദേശികൾക്കുള്ള ലെവി ആവശ്യമെന്നു തോന്നിയാൽ സർക്കാർ പുനഃപരിശോധിക്കുമെന്ന് സാന്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അൽതുവൈജിരി പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദേശീയ സന്പദ്‌വ്യവസ്ഥക്ക് സംഭാവനകൾ നൽകുന്നതിനും ചില പ്രത്യേക മേഖലകൾക്കും വ്യവസായങ്ങൾക്കും ഉത്തേജനം ആവശ്യമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ലെവി പുനഃപരിശോധിക്കുന്നതിന് ഗവൺമെന്റ് ഒരുക്കമാണെന്ന് മന്ത്രി പറഞ്ഞു.

You might also like

Most Viewed