സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു


റിയാദ്: സൗദി അറേബ്യ ഭരണസിരാ കേന്ദ്രങ്ങളിൽ വൻമാറ്റങ്ങൾ വരുത്തി. ഇതിന്റെ ആദ്യപടിയെന്നോണം പുതിയ വിദേശകാര്യ മന്ത്രിയെ അടക്കമുള്ള മന്ത്രിമാരെ നിയമിച്ചുകൊണ്ട് സൽമാൻ രാജാവ് വ്യാഴാഴ്ച ഉത്തരവിറക്കി. മുൻധനകാര്യമന്ത്രി ഇബ്രാഹിം അൽഅസാഫിനെയാണ് പുതിയ വിദേശകാര്യ മന്ത്രിയായി നിയമിച്ചിരിക്കുന്നത്. ഖഷോഗ്ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണമുയർന്നപ്പോൾ സൗദിയുടെ മുഖമായി നിന്നിരുന്ന ആദിൽ അൽ ജുബൈറിനെയാണ് ഈ സ്ഥാനത്ത് നീക്കം ചെയ്തത്. പകരം അദ്ദേഹത്തിന് വിദേശകാര്യ സഹമന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്.

വിദേശകാര്യമന്ത്രിക്കൊപ്പം പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ദേശീയ ഗാർഡ്, വിദ്യാഭ്യാസ മന്ത്രി, സ്പോർട്സ്, മാധ്യമ അതോറിറ്റി തലവന്മാർ എന്നിവരെയും മാറ്റിയിട്ടുണ്ട്. കൂടാതെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ−സുരക്ഷാകാര്യ സമിതിയെ പുനഃസംഘടിപ്പിക്കാനും സൽമാൻ രാജാവ് ഉത്തരവിട്ടു.

മുഹമ്മദ് ബിൻ സൽമാൻ സൗദി ഭരണത്തിന്റെ ചുമതലയിലെത്തിയതോടെ ഒതുക്കി നിർത്തപ്പെട്ട പല പരിചയ സന്പന്നരും പുനഃസംഘടനയിലൂടെ വീണ്ടും അധികാര സിരാകേന്ദ്രങ്ങളിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. രാജകുടുംബത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന അഭ്യൂഹങ്ങൾക്ക് തടയിടുന്നതിനും സൗദിയുടെ പ്രതിച്ഛായ നിലനിർത്തുന്നതിനും വേണ്ടിയാണ് നീക്കം. അതേസമയം നിലവിൽ നിയമിതരായ പലരും മുഹമ്മദ് ബിൻ സൽമാനുമായി അടുത്ത ബന്ധം പുലർത്തുന്നവരുമാണ്.

You might also like

Most Viewed