ട്രാഫിക്‌ പിഴകൾക്കെതിരെയുള്ള ഓൺലൈൻ പരാതികൾ ഏഴു ദിവസത്തിനകം സമർപ്പിക്കണം


 

സൗദിയിൽ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ പിഴ ചുമത്തപ്പെടുന്നതിനെതിരെ ഓൺലൈനിൽ പരാതി നൽകാനുള്ള അവസരം പരമാവധി ഏഴു ദിവസത്തിനകം ഉപയോഗിക്കണമെന്ന് ഗതാഗത വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ്‌‌ അൽ ബസ്സാമി വ്യക്തമാക്കി. അടച്ച്‌ തീരാത്ത പിഴകളെ സംബന്ധിച്ച്‌ മാത്രമാണ്‌ പരാതികൾ സ്വീകരിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിന്‌ മുൻപ് വന്ന ട്രാഫിക് പിഴകളിൽ യാതൊരു പരാതികളും സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അൽ ഖസിം ഗതാഗത വകുപ്പിന്‌ കീഴിലാണ്‌ ഇ− സംവിധാനം വഴി പരാതികൾ സ്വീകരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം തുടങ്ങിയിട്ടുള്ളത്‌‌.  സേവനത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും പ്രവർത്തന രീതി ശരിയായി വിലയിരുത്തുന്നതിനും കുറഞ്ഞ അളവിലുള്ള പരാതികൾ ഉപകരിക്കും എന്നതിനാലാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സംവിധാനം ദേശീയ ശരാശരിക്ക്‌ താഴെ ഗതാഗത നിയമ ലംഘനങ്ങൾ നടക്കുന്ന അൽ ഖസീം മേഖലയിൽ നിന്ന് പരീക്ഷണാർത്ഥം തുടങ്ങുകയും ക്രമേണ മറ്റു പ്രദേശങ്ങളിലേക്ക്‌ വ്യാപിപ്പിക്കാനുമാണ്‌ പദ്ധതി. ഭാഗികമായി ആരംഭിക്കുന്നതിനാൽ മറ്റു പ്രദേശങ്ങളിൽ കൂടി ഇത്‌ അനുവദിക്കുന്നതിന്‌ മുന്പ്‌ ഗതാഗത വിഭാഗത്തിന്‌ പ്രശ്നം കൂടുതൽ പഠിക്കാനാകുമെന്നും അൽബസ്സാമി പറഞ്ഞു.

You might also like

Most Viewed