സൗദിയിലെ അക്കൗണ്ടിംഗ് ജോലികൾ സ്വദേശിവത്കരിക്കുന്നു


 

സൗദി സ്വകാര്യമേഖലയിലെ അക്കൗണ്ടിംഗ് ജോലികൾ സ്വദേശിവത്കരിക്കുന്നു. ഇതു സംബന്ധിച്ച് സൗദി തൊഴിൽ, സാമൂഹികവികസന മന്ത്രാലയവും മാനവശേഷിവികസന നിധിയും സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.                                                               

വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 20,000 അക്കൗണ്ടിംഗ് തസ്തികകൾ സൗദിവത്‌കരിക്കുന്നതിനാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്‌. ഫലത്തിൽ ഇത്രയും വിദേശികൾ അക്കൗണ്ടിംഗ് ജോലികളിൽനിന്ന് മാറ്റിനിർത്തപ്പെടും. നിലവിലെ കണക്കനുസരിച്ച് അക്കൗണ്ടിംഗ് കന്പനികളിലും ഓഫീസുകളിലും 1,70,000−ത്തോളം വിദേശികൾ ജോലി ചെയ്യുന്നുണ്ട്. സ്വദേശികളാകട്ടെ 4800 പേർ മാത്രമാണ്.

അക്കൗണ്ടിംഗ് മേഖലയിൽ സൗദിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകീകരിക്കുന്നതിനാണ് ധാരാണാപത്രത്തിൽ ഒപ്പിട്ടത്. അതോടൊപ്പം പൊതു−സ്വകാര്യമേഖലകൾ തമ്മിൽ പരസ്പര പങ്കാളിത്തവും സഹകരണവും ഉണ്ടാക്കുവാനും ദേശീയ സന്പദ്‌വ്യവസ്ഥക്ക് ഊർജം നൽകുവാനും അക്കൗണ്ടിംഗ് മേഖലയിലെ സ്വദേശിവത്കരണം സഹായകമാകുമെന്നും അധികൃതർ കരുതുന്നുണ്ട്.

അക്കൗണ്ടിംഗ്് കന്പനികളിലും ഓഫീസുകളിലും 50 ശതമാനം വരെ സൗദിവത്കരണം നടപ്പാക്കുന്നതിനനുസരിച്ച് നിയമാവലിയിൽ ഭേദഗതി വരുത്തുന്ന തീരുമാനം വാണിജ്യ, നിക്ഷേപമന്ത്രി ഡോ. മാജിദ് അൽഖസബി പ്രഖ്യാപിച്ചു.

You might also like

Most Viewed