മിസൈല്‍ ആക്രമണം; 26 പേര്‍ക്ക് പരിക്കേറ്റതായി സൗദി സഖ്യസേന


റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റതായി സൗദി സഖ്യസേന അറിയിച്ചു. ഒരു സ്ത്രീയും കുട്ടിയുമുള്‍പ്പെടെ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിപ്പില്‍ പറയുന്നു. ഏത് തരത്തിലുള്ള മിസൈലാണ് ആക്രമത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും ഏതാണ്ട് അഞ്ചോളം മിസൈലുകള്‍ വിമാനത്താവളത്തിന് നേരെ വന്നുവെന്നാണ് വിവരം. യെമനിലെ ഹൂതി വിമതര്‍ക്ക് ഇറാനില്‍ നിന്നും അത്യാധുനിക മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ലഭിച്ചതിനുള്ള ഉദാഹരമാണ് ഇപ്പോഴത്തെ ആക്രമണമെന്നും സൗദി സഖ്യസേന  പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

യെമന്‍റെ തലസ്ഥാനമായ സനായുള്‍പ്പെടെ രാജ്യത്തിന്‍റെ സിംഹഭാഗവും ഭരിക്കുന്ന ഹൂതി വിമതരുടെ രണ്ട് ഡ്രോണുകളെ കണ്ടെത്തി തകര്‍ത്തതായി കഴിഞ്ഞ ദിവസം സൗദി അറേബ്യ അവകാശപ്പെട്ടിരുന്നു. സൗദിയുടെ തെക്കന്‍ പ്രദേശമായ ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ വിജയകരമായി കണ്ടെത്താനും അവയെ തകര്‍ക്കാനും കഴിഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ തങ്ങള്‍ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ബേസ് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇത് ഏകദേശം വിജയിച്ചതായും ഹൂതി വിമതന്മാര്‍ അവകാശപ്പെട്ടു. സൗദി സഖ്യസേന യെമനിലെ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിലെ പ്രതികാരമെന്നോണമാണ് ആക്രമണമെന്നും ഹൂതികള്‍ വ്യക്തമാക്കി.

 

You might also like

Most Viewed