മലയാളി യുവാവിന്റെ കെെപ്പത്തി മുറിച്ച് മാറ്റാനുള്ള കോടതി വിധി റദ്ദാക്കി


റിയാദ്: സൗദിയില്‍ മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട്  ഒന്‍പത് മാസമായി  ജയിലില്‍ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശിയായ   യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള മുന്‍ കോടതി വിധി റദ്ദാക്കി. പകരം നാലുവര്‍ഷം തടവും 400 അടിയും വിധിച്ചു. സൗദിഅറേബ്യയിലെ  തെക്കന്‍ നഗരമായ ഖമീസ് മുഷൈത്തിലെ  ക്രിമിനല്‍ കോടതിയാണ്  ഏപ്രില്‍  മാസം മലയാളി യൂവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍  ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ യുവാവ്  ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെയും ജിദ്ദ കോണ്‌സുലേറ്റിന്റെയും സഹായത്തോടെ അപ്പീല്‍ നല്‍കിയത്. അബഹയിലെ മൂന്നംഗ അപ്പീല്‍ കോടതി കേസ് പഠിക്കുകയും, കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കുകയും പകരം പകരം നാലുവര്‍ഷം തടവും 400 അടിയും വിധിക്കുകയായിരുന്നു.  
ആലപ്പുഴ സ്വദേശിയായ  യുവാവിനെതിരെയായിരുന്നു  കോടതി വിധി വന്നത്.  അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി  റെസ്റ്റോറന്റിലെ ലോക്കറില്‍ നിന്ന്  ഒരു ലക്ഷത്തി പതിനായിരം റിയാല്‍  നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തില്‍ ആറ് വര്‍ഷമായി ജോലിചെയ്തിരുന്ന  മലയാളി യുവാവ് പിടിയിലായത്.
നഷ്ടപ്പെട്ട  മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ കുളിമുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ  അടിസ്ഥാനത്തില്‍ ശരിഅത്ത്‌ നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി അന്ന് വിധിക്കുകയായിരുന്നു.
സ്‌പോണ്‍സറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാര്‍ത്ഥം നാട്ടില്‍ പോകേണ്ടിവന്നപ്പോള്‍ ഇദ്ദേഹം ജാമ്യം നില്‍ക്കുകയും അയാള്‍ തിരിച്ച് വരാതിരുന്നപ്പോള്‍ സ്‌പോണ്‍സര്‍ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം  റിയാല്‍ അഥവാ മൂന്നര ലക്ഷം രൂപ   ഈടാക്കുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടില്‍ നിന്ന് കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയാണ്  സ്‌പോണ്‍സര്‍ക്ക് ഈ സംഖ്യ കൊടുത്ത് വീട്ടിയത്. ഭാഷ വശമില്ലത്തതിനാലും ഭയം മൂലവും കാര്യങ്ങള്‍  കോടതിയെ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം പറഞ്ഞിരുന്നു.

You might also like

Most Viewed