ഡ്രോൺ ആക്രമണം: സൗദി രണ്ട് എണ്ണയുത്പാദന കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു


റിയാദ്: സൗദി സർക്കാരിന്‍റെ അരാംകോ എണ്ണ കന്പനിയുടെ രണ്ടു കേന്ദ്രങ്ങളിലെ പ്രവർത്തനം നിർത്തിവച്ചു. ഡ്രോൺ ആക്രമണത്തെ തുടർന്നാണ് എണ്ണയുത്പാദനം താത്കാലികമായി നിർത്തിവച്ചത്. യെമനിലെ ഹൗതി വിമതരാണ് എണ്ണയുത്പാദന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. കിഴക്കൻ സൗദിയിലെ അബ്ക്വായ്ഖിലുള്ള എണ്ണ ശുദ്ധീകരണശാലയിലും ഖുറെയ്സിലെ എണ്ണപ്പാടത്തുമായിരുന്നു ആക്രമണം. അരാംകോയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രമാണ് അബ്ക്വായ്ഖിലേത്. ഖുറെയ്സിലേത് സൗദിയിലെ രണ്ടാമത്തെ വലിയ എണ്ണപ്പാടമാണ്. ആക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സൗദി സർക്കാർ അറിയിച്ചു.

 ആക്രമണത്തിനു പിന്നിൽ ആരാണെന്ന് സൗദി പറഞ്ഞിട്ടില്ല. എന്നാൽ സൗദിയിൽ തന്നെയുള്ളവരുടെ സഹായത്തോടെ തങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് ഹൗതി സൈനിക വക്താവ് യഹ്യ സറീയ അവകാശപ്പെടുന്നത്.  2015 മുതൽ യെമനിൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേനയും ഹൗതികളും തമ്മിൽ പോരാട്ടത്തിലാണ്. അടുത്തിടെ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിച്ചതിനെത്തുടർന്ന് ഹൗതികൾ സൗദിയെ ലക്ഷ്യമിട്ട് പലവട്ടം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു.

You might also like

Most Viewed