സൗദി അറേബ്യൻ ചരിത്രത്തിലെ ആദ്യ ലോക ബോക്സിങ് പോരാട്ടം ഇന്ന്


റിയാദ്: സൗദി അറേബ്യൻ ചരിത്രത്തിലാദ്യമായി ലോക ബോക്സിങ് പോരാട്ടം റിയാദിൽ. സൗദിയിൽ മാത്രമല്ല മധ്യേഷ്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ലോക ചാമ്പ്യന്മാർ തമ്മിലെ പോരിന് ഇടിക്കൂടൊരുങ്ങുന്നത്. ദറഇയ സീസണിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് ആറ് മുതൽ പുലർച്ചെ ഒന്ന് വരെയാണ് ‘മണൽക്കുന്നുകളിലെ പോര്’ എന്ന് പേരിട്ടിരിക്കുന്ന ലോക ഹെവിവെയ്റ്റ് ബോക്സിങ് റീമാച്ച്. ‘ദ ഡസ്ട്രോയർ’ എന്ന വിളിപ്പേരുള്ള നിലവിലെ ലോക ചാമ്പ്യൻ മെക്സിക്കൻ വംശജനായ അമേരിക്കൻ പ്രഫഷനൽ ബോക്സർ ആൻഡി റൂയിസ് ജൂനിയറും എതിരാളി ‘എ.ജെ’ എന്ന ചരുക്കപ്പേരിൽ അറിയപ്പെടുന്ന ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് ബ്രിട്ടീഷ് പ്രഫഷനൽ ബോക്സർ ആൻറണി ജോഷ്വയും തമ്മിലാണ് ദറഇയിലെ ഗോദയിൽ തകർപ്പൻ ഇടിപ്പോര്.

ഒരു വലിയ പകവീട്ടലിന്റെ ഇതിഹാസ പോരാട്ടമാകുമിതെന്ന കാര്യത്തിൽ സംശയമില്ല. ഈ വർഷം ജൂണിൽ ന്യൂയോർക്കിൽ ജോഷ്വയെ ഇടിച്ചുതോൽപിച്ച് റൂയിസ് ഹെവിവെയ്റ്റ് ബോക്സിങ് ലോക ചാമ്പ്യൻ കിരീടം സ്വന്തമാക്കിയിരുന്നു. അത് വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് ജോഷ്വയെ റിയാദിലെത്തിച്ചിരിക്കുന്നത്. റൂയിസിന്റെ കൈയ്യിലകപ്പെട്ട ഡബ്ല്യു.ബി.എ, ഐ.ബി.എഫ്, ഡബ്ല്യു.ബി.ഒ കിരീടങ്ങൾ ഇടിച്ചുവാങ്ങുക തന്നെ വേണം ജോഷ്വക്ക്. അതുകൊണ്ട് തന്നെ ന്യൂയോർക്കിൽ നടന്ന ഇടിപ്പോരിന്റെ തീപാറുന്ന തുടർപോരാകും റിയാദിലേത്.
എന്നാൽ ഈ ഇടിപ്പൂരം സ്വന്തം മണ്ണിൽ അടുത്തുകാണാനുള്ള ബോക്സിങ് പ്രേമികളുടെ ആഗ്രഹത്തിന് വലിയ ‘വില’ കൊടുക്കേണ്ടിവരും. ടിക്കറ്റ് നിരക്ക് 50,000 റിയാൽ മുതൽ 519 റിയാൽ വരെയാണ്. ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റുപോകുന്നത്.

You might also like

Most Viewed