സൗദി ആരോഗ്യ സ്ഥാപന ഉടമ സ്വദേശി മാത്രമായിരിക്കണമെന്ന നിയമത്തിന് അംഗീകാരം നല്‍കി മന്ത്രിസഭ


റിയാദ്: സൗദിയില്‍ ക്ലിനിക്കുകളുടെയും ഡിസ്‌പെന്‍സറികളുടെയും നടത്തിപ്പ് ചുമതല സ്വദേശിക്ക് മാത്രമായിരിക്കണമെന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സൽ‍മാൻ‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. 2019 ഡിസംബര്‍ ഒമ്പതിന് ചേര്‍ന്ന ശുറാ കൗണ്‍സില്‍ യോഗം നിയമത്തിന് പ്രാഥമിക അംഗീകാരം നല്‍കിയിരുന്നു. ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അല്‍ റബീഅ സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച വാര്‍ത്താവിനിമയ മന്ത്രി തുര്‍ക്കി അല്‍ ശബാന പറഞ്ഞു. 2003 ജനുവരി ആറ് മുതല്‍ രാജ്യത്ത് നിലവിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ നിയമാവലിയില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിയമാവലിയിലെ അനുഛേദം രണ്ടില്‍ ഖണ്ഡിക രണ്ടാണ് ഭേദഗതി വരുത്തിയത്. ആരോഗ്യ കേന്ദ്ര ഉടമ ഡോക്ടറായിരിക്കുക, സ്വദേശിയായിരിക്കുക, ആരോഗ്യ കേന്ദ്രം ഏത് സ്‌പെഷ്യലൈസേഷ്യനാണോ അതെ സ്‌പെഷ്യലൈസേഷന്‍ ബിരുദമുള്ള ഡോക്ടറായിരിക്കുക, ആരോഗ്യ കേന്ദ്രത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുക, സ്ഥാപനത്തിന്റെ ഉടമ സ്വദേശി ഡോക്ടറോ അല്ലെങ്കില്‍ സ്ഥാപനത്തിലെ മുഴുസമയ ജോലിക്കാരനോ ആയിരിക്കണമെന്നതാണ് പുതിയ നിബന്ധന. 

You might also like

Most Viewed