അനധികൃതമായി താമസിച്ച അഞ്ഞൂറോളം ഇന്ത്യൻ പ്രവാസികൾ സൗദിയിലെ നാടുകടത്തൽ‍ കേന്ദ്രത്തിൽ


റിയാദ്: അനധികൃതമായി സൗദിയിൽ‍ താമസിച്ചതിന് പിടിയിലായ അഞ്ഞൂറോളം പേര്‍ മക്ക ശുമൈസി തർ‍ഹീലില്‍ (നാടുകടത്തൽ കേന്ദ്രം) ഉണ്ടെന്ന് ജിദ്ദയിലെ ഇന്ത്യൻ‍ കോൺ‍സുലേറ്റ് അധികൃതർ‍ അറിയിച്ചു. ഇവരില്‍ 150 പേരുടെ യാത്രാരേഖകള്‍ ശരിയാക്കിയിട്ടുണ്ടെന്നും പിടിയിലാവുന്നവരെ പരമാവധി വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്‍മാന്‍ ശൈഖ് പറഞ്ഞു.

നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിനിന്റെ ഭാഗമായി സൗദിയില്‍ വ്യാപകമായ റെയ്‍ഡുകള്‍ നേരത്തെ മുതല്‍ തന്നെ നടന്നുവരുന്നുണ്ട്. ഹൗസ് ഡ്രൈവർ വിസയിലുള്ള നിരവധിപ്പേരെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. ലെവി ഒഴിവാക്കാനായി ഗാർ‍ഹിക തൊഴിലാളി വിസയില്‍ തന്നെ തുടര്‍ന്ന്, മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിപ്പേരുണ്ട്. ഇങ്ങനെ ജോലിയും ഇഖാമയും പരിശോധിച്ച് നിയമലംഘനം നടത്തിയെന്ന് ബോധ്യപ്പെടുന്നവരെ പിടികൂടി നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് അഞ്ഞൂറോളം ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തിലുണ്ടെന്ന് അറിയിച്ചത്. പുതിയ കണക്ക് ബുധനാഴ്ച ലഭ്യമാവും. തര്‍ഹീലില്‍ അവശേഷിക്കുന്നവരുടെ യാത്രാ രേഖകള്‍ കൂടി ഉടന്‍ ശരിയാക്കി നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

You might also like

Most Viewed