പ്രവാസികൾക്ക് ആശ്വസിക്കാം: വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റം ലളിതമാക്കാൻ സൗദി തൊഴിൽ മന്ത്രാലയം


റിയാദ്: സൗദിയിൽ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റം ലളിതമാക്കാൻ തൊഴിൽ മന്ത്രാലയം ചർച്ച തുടങ്ങി. തൊഴിൽ മാറുന്നതിനു വിദേശ തൊഴിലാളികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതിനെ കുറിച്ച് സ്വകാര്യ മേഖല പ്രതിനിധികളുമായാണ് ചർച്ച നടത്തിയത്. വിദേശികൾക്ക് തൊഴിൽ മാറ്റത്തിനും റീ എൻട്രിക്കും ഫൈനൽ എക്സിറ്റിനും പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലക്ക് കൂടി സ്വീകാര്യമായ തീരുമാനത്തിലെത്താനാണ് തൊഴിൽ മന്ത്രാലയത്തിന്റെ ശ്രമം. തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തി മികച്ച തൊഴിലാളികളെയും വിദഗ്ദ്ധരെയും രാജ്യത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചർച്ച തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജ്‌ഹിയുടെ സാന്നിധ്യത്തിലാണ് നടന്നത്. സൗദിയിൽ പ്രവേശിച്ചു ഒരു വർഷം പിന്നിട്ട ശേഷം തൊഴിൽ മാറ്റം അനുവദിക്കുക, നിശ്ചിത കാലം കഴിയണമെന്ന വ്യവസ്ഥയില്ലാതെയും തൊഴിൽ മാറാൻ അനുവദിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. എല്ലാ പ്രൊഫഷനുകളിൽപ്പെട്ടവർക്കും റീ−എൻട്രി സ്വാതന്ത്ര്യം അനുവദിക്കുക, നിശ്ചിത പ്രൊഫഷനുകളിൽപ്പെട്ടവർക്ക് റീ− എൻട്രി സ്വാതന്ത്ര്യം പരിമിതപ്പെടുത്തുക എന്നിവയാണ് റീ− എൻട്രിയുമായി ബന്ധപ്പെട്ടു വന്ന നിർദ്ദേശങ്ങൾ.

റീ− എൻട്രി വിസയിൽ സ്വദേശത്തേക്കു പോയി തിരിച്ചു വരാത്ത വിദേശികൾക്ക് പുതിയ വിസയിൽ തിരികെയെത്തുന്നതിനു നിലവിലുള്ള വിലക്ക് നീക്കുന്ന കാര്യവും ചർച്ചയായി. വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന പ്രവണതകൾക്ക് തടയിടുക ആഗോള തലത്തിൽ സൗദിയുടെ സൽപ്പേര് മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മന്ത്രാലയം ചർച്ച സംഘടിപ്പിച്ചത്.

You might also like

Most Viewed