കോവിഡ്−19: ഗൾഫ് മേഖലയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി


ജിദ്ദ:യു.എ.ഇ.യ്ക്കുപിന്നാലെ ബഹ്റൈനിലും കുവൈത്തിലും ഒമാനിലും കോവിഡ്−19 സ്ഥിരീകരിച്ചു. കുവൈത്തിൽ മൂന്നുപേർക്കും ഒമാനിൽ രണ്ടുപേർക്കും ബഹ്റൈനിൽ ഒരാൾക്കുമാണിത്. ഇതോടെ ഗൾഫ് മേഖലയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി. യു.എ.ഇ.യിൽമാത്രം 13 പേർക്കാണ് കോവിഡ്−19 സ്ഥിരീകരിച്ചത്. ഇറാനിൽ നിന്നു കുവൈത്തിലെത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മൂന്നുപേരിൽ ഒരാൾ 53 വയസ്സുള്ള കുവൈത്ത് പൗരനാണ്. മറ്റൊരാൾ 61 വയസ്സുള്ള സൗദിപൗരനാണ്. മൂന്നാമത്തെയാളുടെ സ്വദേശം പുറത്തുവിട്ടിട്ടില്ല. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രത്യേക നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സൗദിപൗരൻ സുഖംപ്രാപിക്കുന്നതുവരെ കുവൈത്തിൽ തുടരുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമാനിൽ രണ്ടു സ്വദേശിവനിതകളിലാണ് കോവിഡ്−19 കണ്ടെത്തിയത്. ഇറാനിൽനിന്ന് തിരിച്ചെത്തിയവരാണ് ഇരുവരും. ഇവർക്ക് ആവശ്യമായ ചികിത്സകൾ വീട്ടിൽത്തന്നെ നൽകിവരുന്നതായി ഒമാൻ അധികൃതർ അറിയിച്ചു. 

അതേസമയം, സൗദിയിൽ ഇതുവരെ പുതിയ കോവിഡ്−19 കേസുകൾ റിപ്പോർട്ടുചെയ്തിട്ടില്ല. ബഹ്റൈനിൽ ഇറാനിൽ നിന്നെത്തിയ ആൾക്ക് കോവിഡ്−19 ഉണ്ടെന്ന് സംശയം നിലനിന്നിരുന്നു. അതാണ് ഇപ്പോൾ സ്ഥിരീകരിച്ചത്. ഇയാൾ ബഹ്റൈൻ പൗരനാണ്. കൂടുതൽ പരിശോധനകൾക്കായി രോഗിയെ ഇബ്രാഹിം ഖലീൽ കനോ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. 

You might also like

Most Viewed