നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സൗദിയിൽ രോഗികളുടെ എണ്ണം 2 ലക്ഷം വരെയെത്തുമെന്ന് മന്ത്രി


റിയാദ്: കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങൾ പാലിച്ചില്ലെങ്കിൽ ആഴ്ചകൾക്കകം രോഗികളുടെ എണ്ണം 10,000 മുതൽ 2 ലക്ഷം വരെ ഉയർന്നേക്കാമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅയുടെ മുന്നറിയിപ്പ്. അത്തരമൊരു ദുരന്തം ഒഴിവാക്കാൻ ജനം വീട്ടിലിരിക്കണമെന്നും അഭ്യർത്ഥിച്ചു. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിക്കുന്ന നടപടികളെയും നിർദേശങ്ങളെയും ഗൗരവത്തിൽ കാണാത്ത സമൂഹത്തിലെ ഒരു വിഭാഗത്തോട് മുന്നറിയിപ്പ് നൽകുകയായിരുന്നു അദ്ദേഹം. അധികാരികൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളോട് ജനങ്ങൾ പുലർത്തുന്ന പ്രതിബദ്ധതയെ ആശ്രയിച്ചാണ് അടുത്ത ഘട്ടത്തിൽ അണുബാധയുടെ തോത് നിർയിക്കാനാകുക. പലരും പകർച്ച വ്യാധിയെ വേണ്ടത്ര ഗൗരവത്തിൽ എടുക്കാത്തത് ഉയർന്ന രോഗബാധയുടെ സാധ്യത വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലെ വിദഗ്ധ സമിതിയും രാജ്യാന്തര തലത്തിലെ ഏജൻസികളും നടത്തിയ നാലു വ്യത്യസ്ത പഠനങ്ങൾ അനുസരിച്ച് അണുബാധ ക്രമാതീതമായി കൂടാനാണ് സാധ്യത. നിയമം പാലിക്കാതെ പിടിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നത് സർക്കാർ നടപടിക്രമങ്ങളോട് പൊതുജനം സ്വീകരിക്കുന്ന സമീപനങ്ങൾ ശരിയായ ദിശയിലല്ല എന്നാണ്. രാജ്യാന്തര തലത്തിൽ തന്നെ പ്രതിരോധ നടപടികളിൽ രാജ്യം മുന്നിലാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി തുടക്കം മുതൽ കടുത്ത മുൻകരുതൽ നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഒരു പക്ഷേ, ഈ നടപടികളിൽ ഏറ്റവും പ്രധാനം ഉംറ തീർത്ഥാടനവും പള്ളികളിലെസംഘടിത പ്രാർഥനയും താൽക്കാലികമായി നിർത്തിവക്കാനുള്ള തീരുമാനമാവും.

പൊതു-സ്വകാര്യ മേഖലകളിലെ ഓഫീസുകളിലെ ജോലികൾക്കും സ്‌കൂളുകൾക്കും അവധി നൽകിയതിന് പുറമേ ആഭ്യന്തര-രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവക്കുകയും ചെയ്‌തു. ആളുകളെ സമ്പർക്കത്തിലേക്ക് നയിക്കുന്ന 90% സാധ്യതയും കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികളെല്ലാം കൈക്കൊണ്ടത്. 24 മണിക്കൂറിനുള്ളിൽ സാധാരണ ദിവസങ്ങളിലെ മൊത്തം ട്രാഫിക്കിന്റെ 46 % തിരക്ക് റോഡുകളിൽ നിലവിൽഉണ്ട്. ഇത് ഈ ഘട്ടത്തിൽ വളരെ ഉയർന്നതാണെന്നും ആവശ്യമായ ലക്ഷ്യം കൈവരിക്കുന്നതിന് തടസമാണെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തതിട്ടുണ്ട്. അതിനാലാണ് രാജ്യത്തെ നിരവധി നഗരങ്ങളിലും ഗവർണറേറ്റുകളിലും മുഴുസമയ കർഫ്യൂ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന നിലവാരമുള്ള ഉപകാരണങ്ങളുടെയും സജ്ജീകരണങ്ങളുടെയും അഭാവം, മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽസമൂഹത്തിലെ ചില അംഗങ്ങളുടെ അശ്രദ്ധ എന്നിവയാണ് അധികൃതർ നിലവിൽ നേരിടുന്ന പ്രധാന ഭീഷണി. കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ കൂടുതൽ ഫണ്ട് അനുവദിച്ചതിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നടപടിയെ ഡോ. അൽ റബിഅ അഭിനന്ദിച്ചു. രണ്ടു ഘട്ടങ്ങളിലായി 15 ബില്യൺ റിയാൽ വകയിരുത്തിയതായി അദ്ദേഹം പറഞ്ഞു.

ആരോഗ്യ പരിചരണ രംഗത്തെ സുരക്ഷിതത്വം ഉറപ്പാക്കുക, അധിക കിടക്കകൾ ക്രമീകരിക്കുക, മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുക, കൃത്രിമ ശ്വാസോച്ഛാസോപകരണങ്ങൾ, പര്യവേക്ഷണ സാമ്പിൾ പരിശോധന ഉപകരണങ്ങൾ, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ രംഗത്ത് ആവശ്യമായ മെഡിക്കൽ, ടെക്നിക്കൽ സ്റ്റാഫുകളെ നിയമിക്കുകയും ചെയ്തു. മന്ത്രാലയം നിർദേശങ്ങൾ പരിഗണിച്ച് മറ്റൊരു 32 ബില്യൺ റിയാലിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സ്വീകരിച്ച നടപടിക്രമങ്ങൾ കൃത്യതയോടെയും ഉത്തരവാദിത്തത്തോടെയും നടപ്പാക്കാൻ എല്ലാവരും സർക്കാരിനെ സഹായിക്കണമെന്ന് മന്ത്രി പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.

You might also like

Most Viewed