ജി-20 ഉച്ചകോടി നവംബർ 21, 22 തീയതികളിൽ റിയാദില്‍ വെച്ച്

റിയാദ്: പതിനഞ്ചാമത് ജി- 20 ഉച്ചകോടി നവംബർ 21, 22 തീയതികളിൽ സൗദി തലസ്ഥാനമായ റിയാദിൽ നടക്കും. സൗദി ഭരണാധികാരിസൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിലാണ് ഈ വർഷത്തെ ഉച്ചകോടി നടക്കുക. യൂറോപ്യൻ യൂണിയൻ, അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ ഉൾപ്പെടെ ലോകത്തിലെ വൻ ശക്തികളായ ഇരുപത് രാജ്യങ്ങളാണ് ഉച്ചകോടിയിലെ അംഗങ്ങൾ. 2019 ജൂണിൽ ജപ്പാനിലെ ഒസാക്കയിൽ ചേർന്ന പതിനാലാമത് ഉച്ചകോടിയിലാണ് സൗദി അറേബ്യക്ക് 2020 ലെ ഉച്ചകോടിയുടെ അധ്യക്ഷ പദവി ലഭിച്ചത്.
സൗദി അറേബ്യക്ക് പുറമെ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രിട്ടൻ, അമേരിക്ക, ഇന്തോനീഷ്യ, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, യൂറോപ്യൻ യൂണിയൻ, അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, കൊറിയ, റഷ്യ എന്നീ രാജ്യങ്ങളും അതിഥി രാജ്യങ്ങളായി സ്പെയിൻ, ജോർദാൻ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് എന്നിവയുമാണ് ഈ വർഷത്തെ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.