വിദ്യാഭ്യാസ മേഖലയിലെ സ്വദേശിവൽക്കരണം; സൗദിയിൽ 87,000 പ്രവാസികൾ‍ക്ക് ജോലി നഷ്ടമാവും


റിയാദ്: വിദ്യാഭ്യാസ രംഗത്തു കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനം പ്രവാസികൾ‍ക്ക് വലിയ തിരിച്ചടിയാവും. സൗദിയിൽ‍ സ്വദേശികൾ‍ക്കിടയിൽ‍ വർ‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വിവിധ ജോലികൾ‍ സൗദികൾ‍ക്കു മാത്രമാക്കാൻ കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ‍ രാജ്യത്ത് പുരോഗമിച്ചുവരികയാണ്.

വിദ്യാഭ്യാസ രംഗത്തെ ജോലികൾ‍ സൗദികൾ‍ക്കു മാത്രമാക്കാനുള്ള തീരുമാനം നടപ്പിലാവുന്നതോടെ സൗദിയിൽ‍ നിലവിൽ‍ ജോലി ചെയ്യുന്ന 87,000 പ്രവാസികൾ‍ക്ക് ജോലി നഷ്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ പൊതു−സ്വകാര്യ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ‍ അദ്ധ്യാപകരായും മറ്റ് ജീവനക്കാരായും 272,000 പേർ‍ ജോലി ചെയ്യുന്നതായാണ് ഔദ്യോഗിക കണക്കുകൾ‍. ഇവരുടെ 30 ശതമാനത്തോളം പ്രവാസികളാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വദേശിവൽ‍ക്കരിക്കുന്നതിന്റെ മുന്നോടിയായി ഇവിടങ്ങളിലെ ജീവനക്കാരുടെ ശന്പളം വർ‍ദ്ധിപ്പിക്കാനുള്ള നടപടികൾ‍ മന്ത്രാലയം ആരംഭിച്ചുകഴിഞ്ഞു. സ്വദേശി ജീവനക്കാരെ ഈ മേഖലയിലേക്ക് ആകർ‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ‍ തുച്ഛമായ വേതനം മാത്രമാണ് സ്വകാര്യ വിദ്യാലയങ്ങൾ‍ അദ്ധ്യാപകർ‍ ഉൾ‍പ്പെടെയുള്ള ജീവനക്കാർ‍ക്ക് നൽ‍കുന്നത്. ഇത് മറികടക്കുന്നതിന് സ്വകാര്യ സ്‌കൂളുകളിൽ‍ മിനിമം വേതനം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് മന്ത്രാലയം ഉള്ളത്.

അതിനിടെ, കൂടുതൽ‍ തൊഴിൽ‍ മേഖലകളിലേക്ക് സ്വദേശിവൽ‍ക്കരണം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സൗദി മനുഷ്യവിഭവ− സാമൂഹ്യവികസന മന്ത്രാലയം തീരുമാനിച്ചിരുന്നു. റസ്റ്ററന്റുകൾ‍, കഫേകൾ‍, മാളുകൾ‍, ഹൈപ്പർ‍മാർ‍ക്കറ്റുകൾ‍ എന്നിവിടങ്ങളിലെ ജോലികളിൽ‍ സ്വദേശിവൽ‍ക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. 

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed