റമദാനിൽ‍ ഉംറയും മക്ക, മദീന പള്ളികളിൽ‍ പ്രവേശനവും കോവിഡ് വാക്‌സിന്‍ എടുത്തവർ‍ക്കു മാത്രം


ജിദ്ദ: റമദാൻ മാസത്തിൽ‍ ഉംറ തീർ‍ത്ഥാടനത്തിനും മക്കയിലെ മസ്ജിദുൽ‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവേശിക്കാനും കൊവിഡ് വാക്‌സിൻ എടുത്തവർ‍ക്കു മാത്രമേ അനുമതി നൽ‍കൂ എന്ന് സൗദി അധികൃതർ‍ വ്യക്തമാക്കി. തവക്കൽ‍നാ ആപ്പിൽ‍ വാക്‌സിന്‍ ലഭിച്ചവർ‍ എന്ന് രേഖപ്പെടുത്തിയവർ‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇതുപ്രകാരം ഫസ്റ്റ് ഡോസ് വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞവർ‍ക്കും കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവർ‍ക്കും പ്രവേശനം അനുവദിക്കും.

ഉംറയ്ക്ക് വരുന്നവരും മക്കയിലെയും മദീനയിലെയും രണ്ട് പള്ളികളിൽ‍ പ്രാർ‍ഥനയ്ക്കും സന്ദർ‍ശനത്തിനുമായി വരുന്നവരും ഇഅ്തമർ‍നാ, തവക്കൽ‍നാ ആപ്പുകൾ‍ വഴി രജിസ്റ്റർ‍ ചെയ്ത ശേഷം മാത്രമേ വരാൻ പാടുള്ളൂ എന്നും ഹജ്ജ്−ഉംറ മന്ത്രാലയം വ്യക്തമാക്കി. ആപ്പിൽ‍ ലഭ്യമായ സമയം അനുസരിച്ച് മാത്രമേ രജിസ്റ്റർ‍ ചെയ്യാനാവൂ. കൊവിഡ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സമയത്ത് നിശ്ചിത എണ്ണം ആളുകളെ മാത്രമേ അകത്ത് പ്രവേശിപ്പിക്കുകയുള്ളൂ എന്നും അധികൃതർ‍ അറിയിച്ചു.

തവക്കൽ‍നാ ആപ്പ് വഴിയാണ് പെർ‍മിറ്റ് ഉണ്ടോ എന്ന കാര്യം അധികൃതർ‍ പരിശോധിക്കുക. വ്യാജ പെർ‍മിറ്റ് വിതരണം ചെയ്യുന്ന സംഘങ്ങൾ‍ രാജ്യത്ത് സജീവമാണെന്നും അവരുടെ കെണിയിൽ‍ പെടരുതെന്നും അധികൃതർ‍ മുന്നറിയിപ്പും നൽ‍കി. ശരിയായ രീതിയിലുള്ള പെർ‍മിറ്റില്ലാതെ വരുന്നത് കാരണം പ്രവേശന കവാടത്തിൽ‍ വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥിതിയുണ്ട്. ഇത്തരക്കാരെ തിരിച്ചയക്കുകയും അവർ‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യും.

അതേസമയം, റമദാൻ പ്രമാണിച്ച് മക്കയിലെ ഗ്രാന്റ് മസ്ജിദിൽ‍ കൂടുതൽ‍ ആളുകൾ‍ക്ക് പ്രവേശനം നൽ‍കുന്നതിനുള്ള സംവിധാനങ്ങൾ‍ ഒരുക്കിയിട്ടുണ്ട്. ഉംറ തീർ‍ഥാടനത്തിനും പ്രാർ‍ഥനയ്ക്കുമായി എത്തുന്നവർ‍ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പാലിക്കുന്നതിൽ‍ അതീവ ജാഗ്രത പുലർ‍ത്തണമെന്നും മന്ത്രാലയം അറിയിച്ചു.

You might also like

Most Viewed