രണ്ടു വൃക്കയും തകരാറിലായ മുൻ പ്രവാസി സുമനസ്സുകളുടെ സഹായം തേടുന്നു


മനാമ: മുൻ പ്രവാസിയും, ബഹ്‌റിൻ‍ അസ്രി ഷിപ്‌ യാർ‍ഡിൽ‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ദിഗേഷിന്റെ സഹോദരീ ഭർ‍ത്താവുമായ പെരുമണ്ണ സ്വദേശി പുത്തൻ പുരക്കൽ‍ ഷാജി (35)യുടെ രണ്ടു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയനായി ആശുപത്രിയിൽ കഴിയുന്നു. ഇപ്പോൾ ഡയാലിസിസിന്റെ സഹായത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഷാജിയുടെ പ്രവർത്തന രഹിതമായ രണ്ടു വൃക്കകളും ഉടൻ തന്നെ മാറ്റി വെയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ‍ കോളേജിലാണ് ഇപ്പോൾ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ വൃക്ക ഷാജിക്ക് മാറ്റി വെക്കാൻ സാധിക്കുമെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ‍ അതിന് വേണ്ടിയുള്ള ശസ്ത്രക്രിയക്ക് ഭാരിച്ച ചിലവുവരും. പ്രായമായ അമ്മയും രണ്ടു പെൺകുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം കൂടി ഷാജിയുടെ ചുമലിലാണ്. കുടുംബം പോറ്റാൻ വേണ്ടി ആറ് വർഷത്തോളം പ്രവാസ ലോകത്ത് ജോലി ചെയ്തു വരികവെയാണ് വയറു വേദനയുമായി പെട്ടെന്ന് നാട്ടിലേയ്ക്ക് തിരിക്കേണ്ടി വന്നത്.

വിദഗ്ദ്ധ പരിശോധനയിൽ വൃക്ക തകരാറിലാണെന്ന് കണ്ടെത്തി. ഡയാലിസിസ് ചെയ്ത വകയിൽ തന്നെ ലക്ഷക്കണക്കിന്‌ രൂപയുടെ കട ബാധ്യത വന്നിട്ടുള്ള ഷാജിക്കും കുടുംബത്തിനും ഇനി വൃക്ക മാറ്റി വെയ്ക്കാനുള്ള പണം കൂടി കണ്ടെത്തുക പ്രയാസകരമായ കാര്യമാണ്.

ഷാജിയെ സഹായിക്കാനായി ബഹ്‌റിൻ ലാൽ‍ കെയേർ‍സ് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഷാജിയെ സഹായിക്കാൻ താൽപ്പര്യം ഉള്ളവർ‍ ബഹ്‌റൈന്‍ ലാൽ‍ കെയെർ‍സിലെ ജഗത് കൃഷ്ണകുമാർ‍ 36939280, ഫൈസൽ‍ എഫ് എം. 3679 9019, വിപിൻ രവീന്ദ്രൻ 3696 6009‍, മനോജ്‌ 36187498 എന്നിവരുമായി ബന്ധപ്പെടുക.

ഷാജിയെ നേരിട്ട് സഹായിക്കാൻ‍ താൽപര്യം ഉള്ളവർ‍ക്ക് നാട്ടിലുള്ള ബാങ്ക് അക്കൗണ്ടിലേയ്ക്കും സഹായം അയക്കാവുന്നതാണ്. അതിനായുള്ള അക്കൗണ്ട് നന്പർ: 5419101000934, IFC: CNRB 0005419, കനറാ ബാങ്ക്, കോഴിച്ചെന ബ്രാഞ്ച്.

You might also like

Most Viewed