ഇന്തൊനീഷ്യൻ ഓപ്പൺ ബാഡ്മിന്റൻ കിരീടം ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന്


ജക്കാർത്ത : ഇന്തൊനീഷ്യൻ ഓപ്പൺ ബാഡ്മിന്റൻ പുരുഷവിഭാഗം സിംഗിൾസ് കിരീടം ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന്. ഇന്നു നടന്ന ഫൈനലിൽ ജപ്പാൻ താരം കസുമാസ സാകിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് ഇന്തൊനീഷ്യൻ ഓപ്പണിലെ ശ്രീകാന്തിന്റെ കന്നി കിരീടനേട്ടം. സ്കോർ: 21–11, 21–19. 2014 ചൈന ഓപ്പണും 2015 ഇന്ത്യ ഓപ്പണും ജയിച്ച ശ്രീകാന്തിന്റെ നാലാം സൂപ്പർ സീരീസ് ഫൈനലായിരുന്നു ഇത്.

ആദ്യ െഗയിമിൽ എതിരാളിയെ കാര്യമായ പോരാട്ടത്തിനു പോലും അനുവദിക്കാതിരുന്ന ശ്രീകാന്ത്, 21–11ന് സെറ്റ് കൈയിലൊതുക്കി. രണ്ടാം സെറ്റിൽ തിരിച്ചടിച്ച ജപ്പാൻ താരം 11–6ന് ലീഡ് നേടിയെങ്കിലും, 19–19ന് ഒപ്പമെത്തിയ ശ്രീകാന്ത് തകർപ്പൻ പ്രകടനത്തിലൂടെ സെറ്റും കിരീടവും സ്വന്തമാക്കി.

കൊറിയയുടെ ലോക ഒന്നാം നമ്പർ താരം സൺ വാൻ ഹോയെ 21–15, 18–21, 24–22നു തോൽപ്പിച്ചാണ് ശ്രീകാന്ത് കലാശക്കളിക്കു യോഗ്യത നേടിയത്. മലയാളിതാരം എച്ച്.എസ്. പ്രണോയിയെ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ വീഴ്ത്തിയായിരുന്നു കസുമാസ സാകിയുടെ ഫൈനൽ പ്രവേശം.

You might also like

Most Viewed