ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായുള്ള രവി ശാസ്ത്രിയുടെ നിയമനത്തിന് അംഗീകാരം


മുംബൈ : പ്രധാന പരിശീലകനായുള്ള രവി ശാസ്ത്രിയുടെ നിയമനത്തിന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി അംഗീകാരം നല്‍കി. ജൂലൈ 22 മുതലാണ് നിയമനം. എന്നാൽ, മുൻ താരങ്ങളായ രാഹുല്‍ ദ്രാവിഡിനേയും സഹീര്‍ ഖാനേയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കണ്‍സല്‍ട്ടന്റുകളാക്കാനുള്ള തീരുമാനത്തിൽ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല. സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയശ്ചയിക്കുന്നത് രവി ശാസ്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം മതിയെന്നാണ് തീരുമാനമെന്ന് സമിതി അധ്യക്ഷന്‍ വിനോദ് റായി പറഞ്ഞു.

പുതിയ പരിശീലകന്റെ വേതനം, സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ നിയമനം എന്നിവ തീരുമാനിക്കുന്നതിനായി നാലംഗ സമിതിയേയും നിയോഗിച്ചു. സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍മാരുടെ യോഗത്തിലാണ് തീരുമാനങ്ങള്‍. എഡുലുജി, ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാബ് ചൗധരി എന്നിവർ അംഗങ്ങളായ കമ്മിറ്റി ജൂലൈ 19ന് വീണ്ടും യോഗം ചേരും. ഈ കമ്മിറ്റിയുടെ ശുപാർശകൾ ജൂലൈ 22ന് ഭരണസമിതിക്ക് സമർപ്പിക്കും.

പരിശീലക ടീമിന്റെ നിർണായകമായ മൂന്ന് നിയമനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, മുഖ്യപരിശീലകനുമായി കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂവെന്നും ഭരണസമിതി വ്യക്തമാക്കി. ഇന്ത്യൻ ടീമിന്റെ ബാറ്റിങ്, ബോളിങ് വിഭാഗങ്ങളിൽ ഉപദേശവും പരിശീലനവും നൽകാൻ രാഹുൽ ദ്രാവിഡ്, സഹീർ ഖാൻ എന്നിവരെ നിയമിച്ച നടപടിയിൽ രവിശാസ്ത്രി അതൃപ്തി അറിയിച്ചിരുന്നു. തന്റെ അധികാരപരിധിയിലേക്ക് ഇടപെട്ടുവെന്നായിരുന്നു രവി ശാസ്ത്രിയുടെ ആക്ഷേപം.

എന്നാൽ, തങ്ങളുടെ നടപടി ശക്തമായ ഭാഷയിൽ ന്യായീകരിച്ചു സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മൺ ത്രയം രംഗത്തെത്തി. മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്കു മേൽ ദ്രാവിഡിനെയും സഹീറിനെയും തങ്ങൾ അടിച്ചേൽപിച്ചുവെന്ന പ്രചാരണം ശരിയല്ലെന്നും തങ്ങളുൾപ്പെട്ട ഉപദേശക സമിതി അധികാരപരിധി ലംഘിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നും കത്ത് ചൂണ്ടിക്കാട്ടി കത്തയച്ചു. ശാസ്ത്രിയുടെ പൂർണ സമ്മതത്തോടെയാണ് ഇരുവരെയും തിരഞ്ഞെടുത്തതെന്നുമാണ് വിശദീകരണം.

You might also like

Most Viewed