4–100 മീറ്റർ റിലേയിൽ ബ്രിട്ടന് സ്വർണം : മൽസരം പൂർത്തിയാക്കാനാകാതെ ബോൾട്ട്


ലണ്ടൻ : വേഗം കൊണ്ട് ലോകത്തെ കോരിത്തരിപ്പിച്ച സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് പരുക്കേറ്റ് പിൻമാറിയ 4–100 മീറ്റർ റിലേയിൽ സ്വർണം ആതിഥേയരായ ബ്രിട്ടന്. 37.47 സെക്കൻഡിൽ ഓടിയെത്തിയതാണ് ബ്രിട്ടന്റെ സ്വർണം നേട്ടം. 100 മീറ്ററിലെ സ്വർണ, വെള്ളി മെഡൽ ജേതാക്കളെ അണിനിരത്തിയ അമേരിക്ക 37.52 സെക്കൻഡിൽ വെള്ളി നേടി. 38.02 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ജപ്പാൻ വെങ്കലം നേടി. മെഡൽപ്പട്ടികയിൽ ഇടം നേടാനായില്ലെങ്കിലും ശിരസ്സുയർത്തിത്തന്നെ ബോൾട്ട് ട്രാക്കൊഴിഞ്ഞു.

വനിതാ വിഭാഗം 4-100 മീറ്റർ റിലേയിൽ 41.82 സെക്കൻഡിൽ ഓടിയെത്തി അമേരിക്ക സ്വർണം നേടി. ആതിഥേയരായ ബ്രിട്ടൻ വെള്ളിയും ജമൈക്ക വെങ്കലവും നേടി.

അവസാന മൽസരത്തിൽ സൂപ്പർതാരത്തിനായി വിധി കരുതിവച്ചത് തീർത്തും അപ്രതീക്ഷിതമായൊരു വിടവാങ്ങൽ. അവസാന ലാപ്പിൽ ബോൾട്ടിന് ബാറ്റൺ ലഭിക്കുമ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്കൻ ടീം. ലോകം എന്നും ആരാധനയോടെ കണ്ട സ്വതസിദ്ധമായ ശൈലിയിൽ ബോൾട്ട് സ്വർണത്തിലേക്ക് ഓടിക്കയറുന്ന കാഴ്ചയ്ക്കായി ആരാധകർ കാത്തിരിക്കവെ അൽപദൂരം പിന്നിട്ടപ്പോഴേക്കും വേഗം കുറച്ച ബോൾട്ട് വേദനകൊണ്ട് പുളഞ്ഞ് ഞൊണ്ടിച്ചാടി. ബ്രിട്ടന്റെയും അമേരിക്കയുടെ താരങ്ങൾ മെഡലിലേക്ക് ഓടിക്കയറുമ്പോൾ ബോൾട്ട് വേദന സഹിക്കാനാകാതെ ട്രാക്കിലേക്കു വീണു.

ഫിനിഷിങ് ലൈനിലേക്ക് കുതിക്കുന്ന എതിരാളികളെ പാളി നോക്കിയശേഷം വേദനയോടെ ട്രാക്കിലേക്ക് മുഖം പൂഴ്ത്തി ബോൾട്ട് സങ്കടപ്പെടുന്ന കാഴ്ച കായിക പ്രേമികൾക്ക് നൊമ്പര കാഴ്ചയായി.

You might also like

Most Viewed