ഇന്ത്യയ്ക്കെതിരെ സ്പിന്നിനെ കരുതലോടെ നേരിടും : സ്മിത്ത്


ചെന്നൈ : ഇന്ത്യൻ പര്യടനത്തിനെത്തിയ ഓസ്ട്രേലിയൻ ടീം പരിശീലനം തുടങ്ങി. ഇന്ത്യയ്ക്കെതിരെ അഞ്ചു മത്സര ഏകദിന പരന്പരയ്ക്കു തയ്യാറെടുക്കുന്ന ഓസ്ട്രേലിയ ആദ്യപരിശീലന മത്സരത്തിന് ഇന്നിറങ്ങും. ബോർഡ് പ്രസിഡന്റ്സ് ഇലവനെയാണ് അവർ നേരിടുന്നത്. 

ഇന്ത്യയിലെ സ്പിൻ അനുകൂല സാഹചര്യം വലിയ വെല്ലുവിളിയാകുമെന്ന് ഓസ്ട്രേലിയൻ‍ ക്രിക്കറ്റ് ക്യാപ്റ്റൻ‍ സ്റ്റീവ് സ്മിത്ത് പറയുന്നു. എന്നാൽ ഇന്ത്യൻ‍ സ്പിന്നിനെ പതറാതെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള ശേഷി ഇപ്പോൾ ഓസീസ് ടീമിനുണ്ടെന്നും സ്മിത്ത് കൂട്ടിചേർത്തു. ഞായറാഴ്ചയാണ് ആദ്യ ഏകദിന മത്സരം.

ബംഗ്ലാദേശ് പര്യടനം കഴിഞ്ഞാണ് ഓസീസ് ടീം ഇന്ത്യയിലെത്തിയത്. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ഓസ്ട്രേലിയയെ തോൽപ്പിച്ചിരുന്നു.   ബംഗ്ലാദേശിനോടുള്ള ആദ്യ ടെസ്റ്റ് തോൽ‍വിയായിരുന്നു ഓസീസിന്റേത്. അവരുടെ സ്പിന്നിനു മുന്നിലാണ് ഓസീസ് വീണത്. ടെസ്റ്റിലേതുപോലെയല്ല ഏകദിനത്തിലെ സ്പിൻ‍ ആക്രമണം എന്ന് സ്മിത്ത് വിലയിരുത്തി. പിച്ച് പൂർ‍ണ്ണമായും സ്പിന്നിന് വഴങ്ങില്ലെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ അനുഭവം ഗുണകരമായി. ഓസീസും ഇന്ത്യയും ഏറ്റുമുട്ടുന്പോൾ പെരുമാറ്റം പരിധിവിടാറുണ്ട്. എന്നാൽ ഇത്തവണ ശാന്തമായ പരന്പരയാകുമെന്ന് സ്മിത്ത് വിശ്വാസം പ്രകടിപ്പിച്ചു.

ഓസീസനെതിരായ ആദ്യ മൂന്ന് ഏകദിന മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീമിൽ ആർ. അശ്വിനും രവീന്ദ്ര ജഡേജയും ഇല്ല. അത് ഒരു പക്ഷെ ഇന്ത്യക്ക് തിരിച്ചടിയായേക്കും. ഓസീസ് ടീമിലെ സ്പിന്നറായ ആഡം സാന്പയിലാണ് സ്മിത്തിന്റെ പ്രതീക്ഷ. ഐപിഎല്ലിലെ കളിക്കാരനായതിനാൽ ഇന്ത്യയിലെ പിച്ചിനെക്കുറിച്ച് സാന്പയ്ക്ക് നല്ല ധാരണയുണ്ടാകുമെന്നത് ഒസീസിന് മുതൽകൂട്ടാണ്.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed