ഓസ്ട്രേലിയക്കെതിരെ അഞ്ച് വി­ക്കറ്റ് ജയം : ഇന്ത്യയ്ക്ക് ഏകദിന പരന്പര


ഇൻഡോർ : ഒാസ്ട്രേലിയക്കെതിരായ ഏകദിന പരന്പര ഇന്ത്യ സ്വന്തമാക്കി. ഇന്നലെ ഇൻഡോറിൽ നടന്ന പരന്പരയിലെ മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിന്റെ ജയം നേടിയാണ് ഇന്ത്യ പരന്പര വിജയം ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒാസ്ട്രേലിയ ഓപ്പണർ ആരോൺ ഫിഞ്ചിന്റെ (124) സെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 293 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 47.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തി.  ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരന്പരയിൽ ഇന്ത്യ 3-−0ത്തിന് മുന്നിലെത്തി. 

ഹാർ‍ദിക് പാണ്ധ്യയുടെ ഓൾ‍റൗണ്ട് പ്രകടനമാണ്  ഇന്ത്യക്ക് ജയമൊരുക്കിയത്. ഡേവിഡ് വാർ‍ണറുടെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കിയ പാണ്ധ്യ 72 പന്തിൽ‍ 78 റൺസടിച്ച് ഇന്ത്യയെ ജയത്തിന് അരികിലെത്തിച്ചു. ഓപ്പണർ‍മാരായ അജിങ്ക്യ രഹാനെയും (76 പന്തിൽ‍ 70) രോഹിത് ശർ‍മയും (62 പന്തിൽ‍ 71) അർദ്ധസെഞ്ച്വറികളുമായി തിളങ്ങി. ക്യാപ്റ്റൻ വിരാട് കോഹ്ിലി 35 പന്തിൽ‍ 28 റൺസിനും കേദർ ജാദവ് രണ്ട് റൺസിനും പുറത്തായി. മനീഷ് പാണ്ധെ പുറത്താവാതെ 36 റൺസും ധോണി മൂന്ന് റൺസും നേടി. ജയത്തോടെ ഏകദിന റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനവും സ്വന്തമാക്കി.

നേരത്തെ, ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.  സെഞ്ച്വറി നേടിയ ആരോൺ ഫിഞ്ചും അർദ്ധ സെഞ്ച്വറിയടിച്ച സ്റ്റീവ് സ്മിത്തുമാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. നല്ല തുടക്കമാണ് കംഗാരുക്കൾക്ക് കിട്ടിയത്. വാർണറും ഫിഞ്ചും ചേർന്ന കൂട്ടുകെട്ട് 13.3 ഓവറിൽ 70 റൺസ് നേടി. ഹാർദിക് പാണ്ധ്യ 42 റൺസെടുത്ത വാർണറെ പുറത്താക്കിയതോടെയാണ് ആ കൂട്ടുകെട്ട് പൊളിഞ്ഞത്. 125 പന്തിൽ‍ അഞ്ച് സിക്‌സിന്‍റെയും 12 ബൗണ്ടറിയുടെയും അകന്പടിയോടെയായിരുന്നു ഫിഞ്ചിന്‍റെ ഇന്നിംഗ്സ്. 71 പന്ത് നേരിട്ട സ്മിത്തിന്‍റെ ബാറ്റിൽ‍നിന്ന് അഞ്ച് ബൗണ്ടറികൾ‍ പിറന്നു. മുൻ നിര ബാറ്റ്‌സ്മാന്‍മാരുടെ മികവിൽ‍ കൂറ്റൻ  സ്‌കോറിലേക്ക് കുതിച്ച ഓസീസിനെ അവസാന ഓവറുകളിൽ‍ ഇന്ത്യ വരിഞ്ഞുമുറുക്കുകയായിരുന്നു. 

37.4 ഓവറിൽ‍ ഒന്നിന് 224 റൺ‍സ് എന്ന നിലയിൽ‍നിന്നാണ് ഓസീസിനെ ഇന്ത്യ പിടിച്ചുകെട്ടിയത്. 350ന് മുകളിലേക്ക് സ്‌കോർ‍ കുതിക്കുന്പോൾ‍ ഫിഞ്ചിനെ പുറത്താക്കി കുൽ‍ദീപ് യാദവ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക്ത്രൂ നൽ‍കി. ഇതോടെ ഇന്ത്യ പിടിമുറുക്കുകയായിരുന്നു. ഫിഞ്ചിന് പിന്നാലെ സ്മിത്തും പുറത്തായതോടെ ഓസീസ് മധ്യനിര തകർ‍ന്നടിഞ്ഞു. അവസാന ഓവറുകളിൽ‍ കത്തിക്കയറുന്ന മാക്‌സ്‌വെലിനെ (അഞ്ച്) ചാഹൽ‍ പുറത്താക്കി. പിന്നീട് ട്രാവിസ് ഹെഡിനെയും (നാല്) പീറ്റർ‍ ഹാൻ‍ഡ്‌സ്‌കോംബിനെയും (മൂന്ന്) ബുംറ പുറത്താക്കി.  ഇന്ത്യക്ക് വേണ്ടി കുൽ‍ദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം നേടി.

You might also like

Most Viewed