ഇന്ത്യ ഇന്ന്‌ കൊ­ളംബി­യയ്‌ക്കെ­തി­രെ


ന്യൂഡൽ‍ഹി: അണ്ടർ‍ 17 ലോകകപ്പ് ഫുട്ബോളിൽ‍ ആതിഥേയരായ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയയാണ് എതിരാളികൾ‍. ന്യൂഡൽ‍ഹി ജവഹർ‍ലാൽ‍ നെഹ്‌റു സ്‌റ്റേഡിയത്തിൽ‍ ബഹ്റൈൻ സമയം വൈകുന്നേരം 5.30 മുതലാണ്‌ മത്സരം. ആദ്യ മത്സരങ്ങളിൽ‍ തോൽ‍വി നേരിട്ട ഇരു ടീമുകൾ‍ക്കും ഇന്നത്തെ പോരാട്ടം നിർ‍ണായകമാണ്‌. ഈ മത്സരത്തിൽ വിജയിച്ചാലേ പ്രീ ക്വാർ‍ട്ടർ സാധ്യത നിലനിർത്താൻ കഴിയൂ. ആദ്യ മത്സരത്തിൽ ഇന്ത്യ അമേരിക്കയോടും കൊളംബിയ ഘാനയോടുമാണ് തോറ്റത്.

എതിരില്ലാത്ത മൂന്ന് ഗോളുകൾ‍ക്ക് കരുത്തരായ അമേരിക്കയോട് പരാജയപ്പെട്ടെങ്കിലും സ്‌കോർ‍ കാർ‍ഡ് സൂചിപ്പിക്കും പോലെ അത്ര മോശമല്ലായിരുന്നു ഇന്ത്യൻ കൗമാരനിരയുടെ പ്രകടനം. 

തങ്ങളേക്കാൾ‍ വന്പന്മാരായ എതിരാളികളെ യാതൊരു പേടിയുമില്ലാതെയാണ് അമർ‍ജിത് സിംഗ് കിയാമിന്‍റെ നേതൃത്വത്തിൽ‍ ഇന്ത്യൻ പയ്യന്മാർ‍ നേരിട്ടത്.

അമേരിക്കക്കെതിരെ ഇറങ്ങിയ ടീമിൽ നിന്ന് ഏറെ മാറ്റമൊന്നും വരാൻ സാധ്യതയില്ല. എന്നാൽ മലയാളി താരം കെ.പി രാഹുൽ ഇന്ന് ആദ്യ ഇലവനിൽ കളിക്കില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റതാണ് കാരണം. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമായിട്ടില്ല. അമേരിക്കയ്‌ക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ രാഹുൽ ഇടം പിടിച്ചിരുന്നു. വലത് വിംഗ് ബാക്കായി കളിച്ച രാഹുൽ മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ച്ചവെച്ചത്. തൃശ്ശൂർ സ്വദേശിയായ രാഹുൽ ഇന്ത്യൻ ടീമിലെ ഏക മലയാളിയാണ്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അമേരിക്കയും ഘാനയും ഏറ്റുമുട്ടും. ഇരു ടീമുകളും ആദ്യ കളി ജയിച്ച് മൂന്ന് പോയിന്‍റ് സ്വന്തമാക്കിയെങ്കിലും ഗോൾ‍ വ്യത്യസത്തിൽ‍ മുന്പിലുള്ള അമേരിക്കയാണ് ഗ്രൂപ്പിൽ‍ ഒന്നാമത്. ഇന്നത്തെ മത്സരം ജയിച്ച് നോക്കൗട്ടിലെത്താനാവും ഇരുടീമുകളും ശ്രമിക്കുക. ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ തുർക്കി മാലിയേയും പരാഗ്വേ ന്യൂസിലന്റിനേയും നേരിടും.

You might also like

Most Viewed