രണ്ടാം ടെസ്റ്റ് ഇന്ത്യക്ക് : ശ്രീലങ്കയെ ഇന്നിംഗ്സിനും 239 റൺസിനും തകർത്തു


നാഗ്പുർ : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച ജയം. ഇന്നിംഗ്സിനും 239 റൺസിനുമാണ് ഇന്ത്യ ലങ്കയെ വീഴ്ത്തിയത്. ജയത്തോടെ ഏറ്റവും വലിയ ടെസ്റ്റ് ജയത്തിനൊപ്പമെത്താനും ഇന്ത്യക്കായി. സ്കോർ: ശ്രീലങ്ക 205, 166. ഇന്ത്യ 610/6 ഡിക്ലയേർഡ്. 

ഇന്ത്യ പടുത്തുയർത്തിയ 610 എന്ന കൂറ്റൻ സ്കോർ മറികടക്കാൻ ലങ്കയ്ക്ക് രണ്ട് ഇന്നിംഗ്സ് ബാറ്റ് ചെയ്തിട്ടും കഴിഞ്ഞില്ല. ആദ്യ ഇന്നിംഗ്സിൽ 205നും രണ്ടാം ഇന്നിംഗ്സിൽ 166 റൺസിനും ലങ്കയെ ഇന്ത്യ വീഴ്ത്തുകയായിരുന്നു. 2007−ൽ ബംഗ്ലാദേശിനെതിരെ മിർപൂരിൽ ഇതേ മാർജിനിൽ ജയിച്ച് ഇന്ത്യ ടെസ്റ്റിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയിരുന്നു. ആ റെക്കോർഡിനൊപ്പം ഇന്നത്തെ വിജയവും ഇടംപിടിച്ചു. രണ്ടു ഇന്നിംഗ്സുകളിലായി എട്ടു വിക്കറ്റ് വീഴ്ത്തിയ ആർ.അശ്വിനാണ് ലങ്കയെ കടപുഴക്കിയത്. അശ്വിൻ ടെസ്റ്റിൽ 300 വിക്കറ്റ് തികയ്ക്കുകയും ചെയ്തു. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് നേട്ടം കൈവരിച്ചെന്ന നേട്ടത്തിലും അശ്വിൻ എത്തി. 54ാം ടെസ്റ്റിൽ 300 വിക്കറ്റ് നേട്ടം പിന്നിട്ട അശ്വിൻ 56−ാം ടെസ്റ്റിൽ റെക്കോർഡ് കണ്ടെത്തിയ ഓസീസ് താരം ഡെന്നിസ് ലിലിയുടെ റെക്കോർഡാണ് തകർത്തത്. 66ാം ടെസ്റ്റിൽ ഈ നേട്ടത്തിലെത്തിയ അനി
ൽ കുംബ്ലെയുടെ ഇന്ത്യൻ റെക്കോർഡും അശ്വിൻ മറികടന്നു. 

61 റൺസെടുത്ത ക്യാപ്റ്റൻ ദിനേഷ് ചന്ദിമലിന് മാത്രമാണ് രണ്ടാം ഇന്നിംഗ്്സിൽ ലങ്കൻ നിരയിൽ പിടിച്ച് നിൽക്കാനായത്. ഇന്ത്യക്കായി ഇശാന്ത് ശർമ്മ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി. ക്യാപ്റ്റൻ വിരാട് കോഹ്്ലിയുടെ ഇരട്ട സെഞ്ച്വറിയും മുരളി വിജയ്, ചേതശ്വർ പുജാര, രോഹിത് ശർമ്മ എന്നിവരുടെ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ നേടികൊടുത്തത്. കോഹ്്ലിയാണ് മാൻ ഓഫ് ദി മാച്ച്. പരന്പരയിലെ അവസാന ടെസ്റ്റ് ഡിസംബർ രണ്ടിന് ആരംഭിക്കും. ആദ്യ മത്സരം സമനിലയിലായിരുന്നു.

You might also like

Most Viewed