കോടികൾ വാരിയെറിഞ്ഞു ഐ പി എൽ ടീമുകൾ


ബെംഗളൂരു ∙ കോടികൾ വാരിയെറിയാതെ ടീമുകൾ കരുതലോടെ ലേലം നേരിടുമെന്ന പ്രതീക്ഷകൾ ബൗണ്ടറി കടന്നു. രാജ്യാന്തര താരങ്ങൾക്കും ആഭ്യന്തര താരങ്ങൾക്കും പിന്നാലെ ടീമുകൾ ഇടംവലംനോക്കാതെ പാഞ്ഞപ്പോൾ പതിനൊന്നാം ഐപിഎൽ ലേലത്തിന്റെ ആദ്യദിനം വെടിക്കെട്ടിന്റേതായി. 110 താരങ്ങൾ ലേലത്തട്ടിലെത്തിയതിൽ ടീമുകളുടെ വിളി ചെന്നതു 78 പേർക്കാണ്. ലേലം ഇന്നും തുടരും.  

താരങ്ങൾക്കു മോഹവിലയിട്ട് ടീമുകൾ പോരാടിയ ലേലത്തിൽ മുൻ സീസണിലെ താരം കൂടിയായ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഏറ്റവും മൂല്യമേറിയ താരമായി.  12.5 കോടി മുടക്കി സ്റ്റോക്സിനെ സ്വന്തമാക്കിയ ടീമാകട്ടെ, പണം വാരിയെറിയാൻ എന്നും വിമുഖത കാട്ടാറുള്ള രാജസ്ഥാൻ റോയൽസും.  

‌ലോകേഷ് രാഹുലും മനീഷ് പാണ്ഡേയുമാണ് ‘വില’ കൊണ്ടു ഞെട്ടിച്ച ഇന്ത്യൻ‌ താരങ്ങൾ. ഇരുവർക്കും 11 കോടിയാണ് മൂല്യം. രാഹുലിനെ കിങ്സ് ഇലവൻ സ്വന്തമാക്കിയപ്പോൾ പാണ്ഡേ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നിരയിൽ ഇടംനേടി. കേരളത്തിന്റെ സഞ്ജു സാംസൺ എട്ടു കോടി രൂപ സ്വന്തമാക്കി ആദ്യദിനത്തിലെ തിളക്കങ്ങളിലൊന്നായി. മുംബൈ ഇന്ത്യൻസിന്റെ വെല്ലുവിളി അതിജീവിച്ചു രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ തിരിച്ചുവിളിക്കുകയായിരുന്നു. മലയാളി പേസർ ബേസിൽ തമ്പിയെ സൺറൈസേഴ്സ് സ്വന്തമാക്കി. മുപ്പതു ലക്ഷം രൂപ അടിസ്ഥാനവിലയിൽ ലേലം തുടങ്ങിയ ബേസിലിനെ 95 ലക്ഷത്തിനാണു ഹൈദരാബാദ് സ്വന്തമാക്കിയത്. 

കരുൺ നായരും (5.6 കോടി, കിങ്സ് ഇലവൻ), റോബിൻ ഉത്തപ്പയും (6.4 കോടി, നൈറ്റ്റൈഡേഴ്സ്) കൂടി ചേരുന്നതാണ് ആദ്യദിനത്തിലെ മലയാളിക്കരുത്ത്. 

ബാറ്റും ബോളും നന്നായി വഴങ്ങുന്നവർക്ക് ഇന്നലെ ജാക്പോട്ട് തന്നെയായിരുന്നു. ഓൾറൗണ്ടർമാരിൽ ഗ്ലെൻ മാക്‌സ്‌വെല്ലും (9 കോടി) ക്രിസ് വോക്സും (7.4 കോടി) പുതുമുഖം ജോഫ്ര ആർച്ചറും (7.2 കോടി)തിളങ്ങിയപ്പോൾ ബോളിങ് വിഭാഗത്തിന്റെ നായകൻ മിച്ചൽ സ്റ്റാർക്കാണ് (9.4 കോടി). 

ഓസ്ട്രേലിയയുടെ സിക്സർ സ്പെഷലിസ്റ്റ് ക്രിസ് ലിന്നും (9.6 കോടി) അഫ്ഗാൻ താരം റാഷിദ് ഖാനും (9 കോടി) കളത്തിലെ മൂല്യം വിലയിലും പ്രതിഫലിപ്പിച്ചു. റൈറ്റ് ടു മാർച്ച് കാർഡ് ടീമുകൾ കൗശലപൂർവം വിനിയോഗിച്ചതും ലേലത്തിൽ നിർണായകമായി. ഡ്വെയ്ൻ ബ്രാവോയും ഡേവിഡ് മില്ലറും പൊള്ളാർഡും പോലുള്ള താരങ്ങളെ ആർടിഎം വഴിയാണ് ടീമുകൾ നിലനിർത്തിയത്.

ആദ്യ പത്തിൽ 

ബെൻ സ്റ്റോക്സ് - 12.5 കോടി, കെ.എൽ.രാഹുൽ - 11കോടി, മനീഷ് പാണ്ഡേ - 11 കോടി, ക്രിസ് ലിൻ - 9.6 കോടി,  മിച്ചൽ സ്റ്റാർക്ക് - 9.4 കോടി, ഗ്ലെൻ മാക്സ്‌വെൽ - 9 കോടി, റാഷിദ് ഖാൻ - 9 കോടി, ക്രുണാൽ പാണ്ഡ്യ - 8.8 കോടി, സഞ്ജു സാംസൺ - 8 കോടി, കേദാർ ജാദവ് - 7.8 കോടി


ആർക്കും വേണ്ടാതെ ഇരുന്നവർ 
ക്രിസ് ഗെയ്ൽ, ലസിത് മലിംഗ, ജോ റൂട്ട്, മാർട്ടിൻ ഗപ്റ്റിൽ, മുരളി വിജയ്, മിച്ചൽ ജോൺസൺ, ജെയിംസ് ഫോൾക്ക്നർ, മിച്ചൽ മക്‌ലീനഘൻ, ഇഷാന്ത് ശർമ, പാർഥിവ് പട്ടേൽ

You might also like

Most Viewed