അണ്ടർ‍ 19 ലോ­കകപ്പ് : ഇന്ത്യയ്ക്ക് നാ­ലാം കി­രീ­ടം


ക്രൈസ്റ്റ്ചർ‍ച്ച് : അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാന്പ്യന്മാരായി. ഇത് നാലാം തവണയാണ് ഇന്ത്യ അണ്ടർ‍ 19 ലോകകപ്പ് ക്രിക്കറ്റിലെ വിശ്വകിരീടം ഉയർത്തുന്നത്. ഫൈനലിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ കിരീട നേട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.2 ഓവറിൽ 216 റൺ‍സിന് ഓൾഒൗട്ടായി. ഇന്ത്യ 38.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ കൂടുതൽ‍ ലോക കിരീടങ്ങളെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ഒരു ഘട്ടത്തിൽ‍ പോലും എതിരാളികൾ‍ക്ക് സമ്മർ‍ദ്ദപ്പെടാതെയാണ് ഇന്ത്യയുടെ കൗമാരപ്പടയുടെ കുതിപ്പ്. ഇതോടെ ലോകകപ്പ് കിരീടം നാല് തവണ നേടുന്ന ഏക രാജ്യമായി ദ്രാവിഡിന്റെ കുട്ടിപ്പട.

ഇടം കൈയൻ ഓപ്പണർ മൻജോത് കൽറയുടെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 101 റൺ‍സുമായി പുറത്താകാതെ നിന്ന മൻജോത് ഫൈനലിന്‍റെ താരവുമായി. 102 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും അടങ്ങിയതായിരുന്നു മൻജോതിന്‍റെ ഇന്നിംഗ്സ്. 47 റൺ‍സുമായി ഹാർവിക് ദേശായിയും പുറത്താകാതെ നിന്നു. ശുബ്മാൻ ഗിൽ (31), ക്യാപ്റ്റൻ പൃഥ്വി ഷാ (29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഇന്ത്യൻ പേസ് ആക്രമണത്തിൽ‍ മുന്നിൽ തകർ‍ന്ന് 216ന് പുറത്തായി. 102 പന്തിൽ‍ 76 റൺ‍സെടുത്ത ജൊനാഥൻ മെർ‍ലോയാണ് ഓസീസിന്‍റെ ടോപ് സ്കോറർ‍. ഇന്ത്യയ്ക്കായി ഇഷാൻ പോരൽ‍, ശിവ സിംഗ്, കമലേഷ് നാഗർ‍കോട്ടി, അനുകുൽ‍ റോയി എന്നിവർ‍ രണ്ടും ശിവം മണി ഒരു വിക്കറ്റും വീഴ്ത്തി.

You might also like

Most Viewed