സന്തോഷ് ട്രോഫി : കേരളത്തിന് ആറാം കിരീടം


കൊൽക്കത്ത : ലോകം ഉയിർപ്പിന്റെ ദിനം ആഘോഷിക്കുന്ന ദിനത്തിൽ കേരള ഫുട്ബോളും ഉയിർത്തെഴുന്നേറ്റു. വിയർപ്പൊഴുക്കിയ കഠിനനാളുകളുടെ സമ്മാനമായി സന്തോഷ് ട്രോഫി സ്വപ്നക്കപ്പ് കേരളത്തിലേക്ക്. 13 വർഷത്തെ ഇടവേള അവസാനിപ്പിച്ച്, കേരളം മുത്തമിട്ടത് ആറാം കീരിടത്തിൽ. സാള്‍ട്ട് ലേക്കിൽ പെനൽ‌റ്റിവരെ നീണ്ടു നിന്ന മത്സരത്തിലാണു ബംഗാളിനെ 4–2നു തോൽപ്പിച്ച് കേരളം കിരീടം ചൂടിയത്. പൂർണ സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. തുടർന്നാണു മത്സരം പെനൽ‌റ്റിയിലേക്കു നീണ്ടത്. പെനൽറ്റിയിൽ സമഗ്രാധിപത്യം പുലർത്തിയ കപ്പ് കൈക്കലാക്കി.

പന്തടക്കത്തിലും കളി മികവിലും ബംഗാൾ മുന്നിട്ടു നിന്നെങ്കിലും ആദ്യപകുതിയിൽ ഗോൾ നേടാൻ അവർക്കായില്ല. എന്നാൽ ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ച കേരളം 22–ാം മിനിറ്റിൽ ലീഡെടുത്തു. എം.എസ്.ജിതിനാണ് കേരളത്തിനായി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ലീഡ് വഴങ്ങിയതോടെ ബംഗാൾ കൂടുതൽ സമ്മർദ്ദത്തിലായി. സെറ്റ്പീസുകള്‍ ലക്ഷ്യത്തിലെത്തിക്കുന്നതിലും പരാജയപ്പെട്ടു. എന്നാൽ രണ്ടാം പകുതിയിൽ 67–ാം മിനിറ്റിൽ ജിതൻ മുർമു ബംഗാളിനായി ഗോൾ മടക്കി.

കളി അധിക സമയത്തേക്കു നീട്ടിയിട്ടും പെനൽറ്റിയിലേക്കു നീങ്ങുമെന്നു തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. എക്സ്ട്രാ ടൈമിൽ പകരക്കാരനായിറങ്ങിയ വിപിൻ തോമസ് മിനിറ്റുകൾക്കകം കേരളത്തിനായി ലക്ഷ്യം കണ്ടു. സ്കോർ 2–1. എന്നാൽ ബംഗാൾ വീണ്ടും സമനില പിടിച്ചു. തുടർന്ന് പെനൽറ്റി ഷൂട്ടൗട്ട്. 4–2ന് കേരളം ജയം പിടിച്ചെടുക്കുകയായിരുന്നു.

1989ൽ ഗുവാഹത്തിയിലും 1994ൽ കട്ടക്കിലുമാണ് ഇതിനു മുൻപു സന്തോഷ് ട്രോഫിയിൽ കേരളം–ബംഗാൾ ഫൈനൽ നടന്നത്. രണ്ടു ഫൈനലുകളിലും കേരളം പരാജയപ്പെട്ടു. കേരളത്തിന്റെ സന്തോഷ് ട്രോഫി ഹാട്രിക് എന്ന സ്വപ്നത്തിനും തടയിട്ടതു ബംഗാളാണ്. 92, 93 വർഷത്തെ സന്തോഷ് ട്രോഫി സ്വന്തമാക്കി ഹാട്രിക് സ്വപ്നവുമായി കട്ടക്കിലെത്തിയ കേരളത്തിന്റെ കിരീട മോഹങ്ങൾ തകർത്തതു ബംഗാളാണ്. ആ കണക്കെല്ലാം സാൾട്ട് ലേക്കിൽ‌ തീർത്താണു കേരളം മടങ്ങുന്നത്.

You might also like

Most Viewed