കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് എട്ടാം സ്വർണം


ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ)∙ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് എട്ടാം സ്വർണം. 10 മീറ്റർ എയർ പിസ്റ്റളിൽ ജിത്തു റായ് ആണു സ്വർണം നേടിയത്. ഇന്ത്യയുടെ ഓം പ്രകാശ് മിതർവാൾ വെങ്കലമെഡൽ നേടി. ഓസ്ട്രേലിയയുടെ കെറി ബെൽ ആണു വെള്ളി നേടിയത്. ലോക നാലാം നമ്പർ താരമായ, ലക്നൗവിൽനിന്നുള്ള സൈനികൻകൂടിയായ ജിത്തു 235.1 പോയിന്റ് നേടി ഗെയിംസ് റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്.

രാവിലെ പുരുഷൻമാരുടെ 105 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ പ്രദീപ് സിങ് വെള്ളി നേടിയിരുന്നു. ആകെ 352 കിലോ ഭാരമാണു ജലന്ധറിൽനിന്നുള്ള ഈ ഇരുപത്തിമൂന്നുകാരൻ ഉയർത്തിയത്. കഴിഞ്ഞ വർഷം നടന്ന കോമൺവെൽത്ത് ചാംപ്യൻഷിപ്പിലെ വിജയിയാണു പ്രദീപ് സിങ്. ദ്വീപുരാജ്യമായ സാമോയുടെ സനേലെ മാവോയ്ക്കാണു സ്വർണം. 360 കിലോയാണ് ഇയാൾ ഉയർത്തിയത്.

വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ് ഫൈനലിലേക്ക് ഇന്ത്യയുടെ അപൂർവി ചന്ദേലയും മെഹുലി ഘോഷും യോഗ്യതനേടി. 432.2 പോയിന്റു നേടി സ്വന്തം മികച്ച പ്രകടനം തിരുത്തിയാണ് അപൂർവി യോഗ്യത നേടിയത്. 2014ലെ ഗ്ലാസ്കോ കോമൺവെൽത്ത് ഗെയിംസിൽ 415.6 പോയിന്റാണ് അപൂർവി നേടിയത്. മെഹുലി ഘോഷിന് 413.7 പോയിന്റാണുള്ളത്. 

You might also like

Most Viewed