ഐപിഎൽ വേദി മാറ്റില്ല; മത്സരം ചെന്നൈയിൽത്തന്നെ


ചെന്നൈ∙ കാവേരി നദീജല പ്രശ്നത്തിന്റെ പേരിൽ ചെന്നൈയിൽ നടക്കാനിരിക്കുന്ന മത്സരങ്ങളുടെ വേദി മാറ്റില്ലെന്നു ഐപിഎൽ ചെയര്‍മാൻ രാജിവ് ശുക്ല. മത്സരങ്ങൾ നേരത്തേ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും. സ്റ്റേഡിയത്തിൽ ആവശ്യമായ  സുരക്ഷ ഏർപ്പെടുത്തും. ഐഎപിഎല്ലിനെ രാഷ്ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും രാജിവ് ശുക്ല ആവശ്യപ്പെട്ടു.

ചെന്നൈയിൽ ഒഴിവാക്കപ്പെടുന്ന മത്സരം തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താനാകുമെന്ന കേരളത്തിന്റെ പ്രതീക്ഷയാണ് ഇതോടെ അസ്ഥാനത്തായത്. കാര്യവട്ടത്തു മത്സരങ്ങൾ നടത്താൻ തയാറാണെന്നു കേരള ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു.

ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളുടെ ഹോം മൽസരങ്ങളിൽ ചിലതു കേരളത്തിലേക്കു മാറ്റാൻ സാധ്യതയെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റും കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) അഭിപ്രായം ആരാഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽനിന്ന് ഐപിഎൽ ടീമുകൾ രംഗത്തില്ലാത്ത സാഹചര്യത്തിലാണു ചെന്നൈയുടെ ഹോം മൈതാനമാക്കാൻ കേരളത്തെ പരിഗണിക്കുന്നത്. എന്നാൽ ഇക്കാര്യം ചെന്നൈ സൂപ്പർ കിങ്സ് നിഷേധിച്ചിരുന്നു.

കാവേരി നദീജല തർക്കം പരിഹരിക്കുന്നതു വരെ ഐപിഎൽ മൽസരങ്ങൾ ബഹിഷ്കരിക്കണമെന്ന വാദമുയർത്തി തമിഴ്നാട്ടിൽ പ്രചാരണം വ്യാപകമാണ്. ചെന്നൈയിൽ ഐപിഎൽ മൽസരങ്ങൾ സംഘടിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തിൽ അപമാനകരമാണെന്നു ചൂണ്ടിക്കാട്ടി തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്തും രംഗത്തെത്തിയിരുന്നു. ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ, തമിഴ്നാട്ടിലെ സ്വതന്ത്ര എംഎൽഎ ടി.ടി.വി. ദിനകരൻ തുടങ്ങിയവരും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.

You might also like

Most Viewed